യെമന്‍ പ്രതിരോധമന്ത്രാലയത്തില്‍ ചാവേര്‍ ആക്രമണം; മലയാളി നഴ്‌സ് ഉള്‍പ്പെടെ 30 മരണം

single-img
6 December 2013

യെമന്‍ പ്രതിരോധമന്ത്രാലയ വളപ്പില്‍ ഭീകരര്‍ നടത്തിയ കാര്‍ബോംബ് സ്‌ഫോടനത്തിലും ചാവേര്‍ ആക്രമണത്തിലും മലയാളി നഴ്‌സ് അടക്കം കുറഞ്ഞത് 30 പേര്‍ കൊല്ലപ്പെട്ടു. 70 പേര്‍ക്കു പരിക്കേറ്റു. കണ്ണൂര്‍ നെടുംപുറംചാല്‍ കാരയ്ക്കാട്ട് ദിലീപിന്റെ ഭാര്യ രേണു തോമസാണ് (35) സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

നാലു വിദേശ ഡോക്ടര്‍മാരും ഇന്ത്യയില്‍നിന്നും ഫിലിപ്പീന്‍സില്‍നിന്നുമുള്ള നഴ്‌സുമാരും ഒരു ജഡ്ജിയും മന്ത്രാലയ വളപ്പിലുള്ള ആശുപത്രിയിലെ ഏതാനും രോഗികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പത്തു സൈനികരും ഭീകരരും കൊല്ലപ്പെട്ടു. അല്‍ക്വയ്ദ ഇന്‍ അറേബ്യന്‍ പെനിന്‍സുല എന്ന ഭീകരസംഘടനയാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നു.

സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ചാവേര്‍ ഭടന്‍ മന്ത്രാലയ വളപ്പിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ഉഗ്രസ്‌ഫോടനമുണ്ടായി. ഇതിനുപിന്നാലെ സൈനിക യൂണിഫോം ധരിച്ച ഭീകരര്‍ മറ്റൊരു വാഹനത്തിലെത്തി വെടിവയ്പു നടത്തി. ആശുപത്രിയുടെ നിയന്ത്രണം കൈയടക്കിയ അക്രമികള്‍ വിദേശഡോക്ടര്‍മാരെയും നഴ്‌സുമാരെയും ആശുപത്രിമുറ്റത്ത് പ്രാദേശിക സ്റ്റാഫിന്റെ മുന്നില്‍ വെടിവച്ചു കൊല്ലുകയായിരുന്നുവെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഭീകരരെ അമര്‍ച്ച ചെയ്ത സൈന്യം പിന്നീട് മന്ത്രാലയത്തിന്റെയും ആശുപത്രിയുടെയും നിയന്ത്രണം തിരിച്ചുപിടിച്ചു.