ഇരുണ്ട ഭൂഖണ്ഡത്തിലെ വെളിച്ചം അണഞ്ഞു…

single-img
6 December 2013

കാലം നമിച്ച ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റും നൊബേല്‍ സമ്മാനജേതാവുമായ നെല്‍സന്‍ മണ്ഡേല (95) അന്തരിച്ചു. ജോഹന്നാസ്ബര്‍ഗിലെ വീട്ടിലായിരുന്നു അന്ത്യം. അസുഖബാധിതനായി ഏതാനും നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. കുറച്ചു വര്‍ഷമായി വിശ്രമ ജീവിതം നയിച്ചിരുന്ന മണ്ഡേല 1999ല്‍ ആഫ്രിക്കന്‍ പ്രസിഡന്റ് പദവി ഒഴിഞ്ഞതിനു ശേഷം അപൂര്‍വമായാണ് പൊതുവേദികളില്‍ എത്താറുള്ളത്. 2010ല്‍ ആഫ്രിക്കയില്‍ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിലാണ് മണ്ഡേല അവസാനമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.
1918 ജൂലൈ 18നു ദക്ഷിണാഫ്രിക്കയിലെ മ്‌വേസോയില്‍, തെമ്പു എന്ന ഗോത്രത്തിലെ ഒരു രാജകുടുംബത്തിലാണ് മണ്ഡേല ജനിച്ചത്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ നെല്‍സണ്‍ മണ്ഡേല ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തിലൂടെയാണ് ലോകശ്രദ്ധ നേടിയത്. തുടക്കത്തില്‍ അക്രമസമരമാര്‍ഗങ്ങളിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ രംഗത്ത് സജീവമായത്. രാജ്യദ്രോഹം പോലെയുള്ള കുറ്റങ്ങള്‍ ചുമത്തി അദ്ദേഹത്തെ നിരവധി തവണ ജയിലിലടച്ചിട്ടുണ്ട്. വിധ്വംസനപ്രവര്‍ത്തനം നടത്തി എന്നാരോപിച്ച് ജീവപര്യന്തം തടവിനു ശിക്ഷിക്കുകയുണ്ടായി. 27 വര്‍ഷത്തോളമാണ് മണ്ഡേല ജയില്‍വാസം അനുഭവിച്ചത്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ യുവജനവിഭാഗം ആരംഭിക്കുന്നതിനു നേതൃത്വം നല്‍കിയതും മണ്ടേലയാണ്. 1994ല്‍ ദക്ഷിണാഫ്രിക്കയിലെ വിവിധ ജനവിഭാഗങ്ങളെ ഒന്നിപ്പിച്ചു നടത്തിയ ആദ്യജനാധിപത്യ തെരഞ്ഞെടുപ്പില്‍ 62 ശതമാനം വോട്ട് നേടി ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തി. നെല്‍സണ്‍ മണ്ഡേല കറുത്തവര്‍ഗക്കാരനായ ആദ്യദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

1994 മുതല്‍ 1999 വരെയുള്ള അഞ്ചു വര്‍ഷം ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് പദവി അലങ്കരിച്ച മണ്ഡേല സ്ഥാനം ഒഴിയുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തില്‍ ഒരുയുഗത്തിനു അവസാനമാകുകയായിരുന്നു. 1993ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം മണ്ഡേലയെ തേടിയെത്തി. 1990ല്‍ ഭാരത രത്‌ന പുരസ്‌കാരം നല്‍കി ഇന്ത്യ മണ്ഡേലയെ ആദരിച്ചിരുന്നു. ഭാരതരത്‌ന പുരസ്‌കാരം നേടുന്ന ഇന്ത്യക്കാരനല്ലാത്ത രണ്ടാമത്തെ വ്യക്തിയായിരുന്നു മണ്ഡേല.