കഴക്കൂട്ടം- മാമം ഹൈവേ; ഗവ. തീരുമാനം അട്ടിമറിച്ചതിനെതിരെ പ്രതിഷേധം ഇരമ്പി

single-img
6 December 2013

Image (52)വാഹനതിരക്കുമൂലം വിഷമിക്കുന്ന കഴക്കൂട്ടം മുതല്‍ മാമം വരെയുള്ള നാഷണല്‍ ഹൈവേ വീതികൂട്ടുന്നത് പ്രമാണിച്ച് ഗവവണ്‍മെന്റ് എടുത്ത തീരുമാനങ്ങള്‍ ചില സ്വാര്‍ത്ഥതാല്‍പര്യക്കാരുടെയും എന്‍.എച്ച്.എ.ഐയുടെയും താല്‍പര്യങ്ങള്‍ക്ക് വഴങ്ങി അട്ടിമറിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എന്‍.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടറുടെ ഓഫീസിലേക്ക് നടന്ന പ്രതിഷേധമാര്‍ച്ചില്‍ ജനരോഷം ഇരമ്പി.

സ്ഥലം ഏറ്റെടുക്കുന്നത് ഹൈവേയുടെ ഇരുവശത്തു നിന്നും തുല്യമാകണമെന്ന ഗവണ്‍മെന്റ് തീരുമാനമാണ് മുഖ്യമായും ഇവിടെ അട്ടിമറിക്കപ്പെടുന്നത്. റോഡിന്റെ അരികില്‍ പുരയിടമുള്ള ചില വ്യക്തികളാണ് ഇതിനു പിന്നിലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നു. രണ്ടു വശങ്ങളില്‍ നിന്നും തുല്യമായി സ്ഥലമെടുത്ത് നാഷണല്‍ ഹൈവേ വീതികൂട്ടണമെന്നതാണ് ജനങ്ങളുടെ ആവശ്യമെന്നും, എന്‍.എച്ച്.എ.ഐ ഏകപക്ഷീയമായ തീരുമാനങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് സംയുക്ത ആക്ഷന്‍കൗണ്‍സില്‍ നേതാക്കള്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ശ്രീ. ജോര്‍ജ് സെബാസ്റ്റിയന്‍ നേതൃത്വം നല്‍കിയ പ്രതിഷേധമാര്‍ച്ചും ധര്‍ണയും മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. എം. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി ശ്രീ. വെഞ്ഞാറമൂട് ശശി, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് ഷഹിര്‍ജി, ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീ. ചെമ്പഴന്തി ഉദയന്‍, ശിവസേന ജില്ലാ സെക്രട്ടറി അഡ്വ. പേരൂര്‍ക്കട ഹരികുമാര്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ ധര്‍ണ്ണ അഭിസംബോധന ചെയ്തു സംസാരിച്ചു.