നിധി ശേഖരത്തിനു പിഞ്ചു ബാലിക കുരുതി

single-img
5 December 2013

കാസര്‍ഗോഡ്‌:സുള്ള്യയില്‍ ഒന്നരവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ ദുരൂഹത. നിധി കൈക്കലാക്കാനായി പ്രദേശത്തെ ദുര്‍മന്ത്രവാദികള്‍ ഒന്നരവയസുകാരിയെ ബലികൊടുത്തതായിരിക്കാം എന്നു സൂചന. ഇതേ തുടർന്നു പൊലീസ് വീണ്ടും അന്വേഷിക്കുന്നു. സുള്ള്യ ചാര്‍മതയിലെ മോഹന്‍ദാസിന്റേയും ഭവാനിയുടേയും മകള്‍ ശാരികയാണ്‌ കൊല്ലപ്പെട്ടത്.

ഓഗസ്‌റ്റ്‌ 11നു കാണാതായ കുട്ടിയുടെ മൃതദേഹം11 ദിവസത്തിന് ശേഷം പുഴക്കരയില്‍ വച്ച് കണ്ടെത്തുകയായിരുന്നു.
തലയും ഇടതുകൈയും അറുത്തുമാറ്റിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. മുങ്ങിമരണമാണെന്ന കണ്ടെത്തലോടെ പൊലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ഇതേ തുടർന്നു കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരും രംഗത്ത് വന്നതോടെ മൃതദേഹം വീണ്ടും പോസ്‌റ്റുമോര്‍ട്ടം ചെയ്യുകയായിരുന്നു.
മാതാപിതാക്കൽ ജോലിക്കു പോയ സമയത്തായിരുന്നു കുട്ടിയെ കാണാതായത്. മുത്തശ്ശിയും കുട്ടിയും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. കുട്ടിയെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന്‌ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കുട്ടിയുടെ മൃതദേഹം കിടന്നിരുന്ന സ്‌ഥലത്ത്‌ ദുര്‍മന്ത്രവാദം നടന്നതിന്റെ ലക്ഷണങ്ങള്‍ കാണുകയുണ്ടായി. മുമ്പ്‌ നിധിശേഖരം തേടി ഈ പ്രദേശത്ത്‌ ചിലര്‍ കുഴിച്ച് നോക്കിയിരുന്നു. ഇവരെ പൊലീസ്‌ ചോദ്യംചെയ്യുകയുണ്ടായി. കൊലപാതകത്തില്‍ ഇവര്‍ക്ക് പങ്കുണ്ടാകാം എന്നാണ് സംശയിക്കപ്പെടുന്നത്.