കാവ്യയുടെ വിവാഹം: വ്യാജ വാർത്ത ഒരാൾ അറസ്റ്റിൽ

single-img
5 December 2013

കൊച്ചി: കാവ്യ മാധവന്‍ പുനർ വിവാഹിതയാകാന്‍ പോകുന്നുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ ഒരാളെ പോലീസ് പിടികൂടി. ഇടപ്പള്ളി പുത്തേന്‍വീട്ടില്‍ സ്റ്റീഫന്‍ (48) ആണ് പിടിയിലായത്.
സ്റ്റീഫന്‍ വ്യാജവാര്‍ത്തയുണ്ടാക്കി വെബ്‌സൈറ്റില്‍ ഇടുകയായിരുന്നു.

ഫോറംസ്.ബിസാറ്റ്.കോം എന്ന വൈബ് സൈറ്റിലൂടെയാണ് ഇയാള്‍ വ്യാജ വാർത്ത പ്രചരിപ്പിച്ചത്.കാവ്യയും മറ്റൊരാളും ചേര്‍ന്നു നില്‍ക്കുന്ന ചിത്രവും ഒപ്പമുണ്ടായിരുന്നു.‘’ഞാന്‍ പുനര്‍ വിവാഹിതയാകാന്‍ പോകുന്നു, വരന്‍ സഞ്ജീവ് മേനോന്‍ എന്ന ക്യാമറാമാന്‍’’ എന്ന അടിക്കുറിപ്പും ചിത്രത്തിനുണ്ടായിരുന്നു ആദ്യ ഭര്‍ത്താവായ നിശാല്‍ ചന്ദ്രയില്‍ നിന്നും വിവാഹമോചിതയായ കാവ്യ പുനര്‍വിവാഹിതയാകാന്‍ പോകുന്നതായി ഒക്ടോബര്‍ അവസാനത്തോടെയാണ് വാര്‍ത്തകള്‍ വന്നത്.ഇതേത്തുടര്‍ന്ന് കാവ്യ മാധവന്‍ കൊച്ചി റേഞ്ച് ഐജി കെ. പത്മകുമാറിന് കൊടുത്ത പരാതിയില്‍ സൈബര്‍ സെല്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തവേയാണ് പ്രതി പിടിയിലായത്.