തിരുവഞ്ചൂരിനെ കണ്ണൂരില്‍ തടയുമെന്ന് റിജില്‍ മാക്കുറ്റി

single-img
4 December 2013

സംസ്ഥാനത്ത് കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കുന്ന വിധം യൂത്ത്‌കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ നിലപാട് സ്വീകരിച്ചിരിക്കുന്ന അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കണ്ണൂരിലെത്തിയാല്‍ തടയുമെന്ന് യൂത്ത്‌കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി. ഇങ്ങനെയൊരു മന്ത്രിയെ പിന്തുണയ്‌ക്കേണ്ട ആവശ്യം യൂത്ത്‌കോണ്‍ഗ്രസിനില്ല. മാത്രമല്ല യൂത്ത്‌കോണ്‍ഗ്രസിന്റെ കേരളയാത്രയെ തിരുവഞ്ചൂരിന്റെ നിലപാടുകള്‍ ദോഷമായി ബാധിക്കുമെന്നും റിജില്‍മാക്കുറ്റി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ യൂത്ത്‌കോണ്‍ഗ്രസ് പദയാത്രയുടെ ബോര്‍ഡുകള്‍ പോലീസ് വ്യാപകമായി നശിപ്പിച്ചതിനേത്തുടര്‍ന്നാണ് ആഭ്യന്തരമന്ത്രിയെ വിളിച്ച് പരാതി പറഞ്ഞത്. കണ്ണൂരിലുള്ള എല്ലാപാര്‍ട്ടികളുടെയും പ്രചാരണ ബോര്‍ഡുകള്‍ പോലീസുകാര്‍ എടുത്തുകൊണ്ട്‌പോയെങ്കിലും യൂത്ത്‌കോണ്‍ഗ്രസുകാരുടെ മാത്രമാണ് നശിപ്പിച്ചത്. ഇതുപറഞ്ഞപ്പോള്‍ തനിക്കെതിരേ ആക്ഷേപം ഉന്നയിക്കാനും ജാഥനടത്താനും യൂത്ത്‌കോണ്‍ഗ്രസുകാര്‍ തന്നെയാണ് ബോര്‍ഡുകള്‍ നശിപ്പിച്ചെന്നായിരുന്നു മന്ത്രി പ്രതികരിച്ചത്. താങ്കള്‍ കോണ്‍ഗ്രസിന്റെ മന്ത്രിയല്ലേയെന്ന് ചോദിച്ചപ്പോള്‍ നീയാരാടാ എന്നോടത് ചോദിക്കാനെന്ന് പറഞ്ഞ് കയര്‍ക്കുകയും മോശം പദപ്രയോഗങ്ങള്‍ തനിക്കെതിരെ ഉപയോഗിക്കുകയായിരുന്നുവെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു.