ഇ.പി ജയരാജന്‍ വന്ന 1 കോടിയുടെ ആഡംബര വണ്ടിക്ക് ഓള്‍ ഇന്ത്യ ടാക്‌സി പെര്‍മിറ്റ്; നമ്പര്‍ പ്ലേറ്റ് സ്വകാര്യ കാറിന്റേത്: നിയമലംഘനം പരസ്യമായി

single-img
4 December 2013

കഴിഞ്ഞദിവസം ഇ.പി. ജയരാജന്‍ കര്‍ഷക തൊഴിലാളി മാര്‍ച്ചിനെത്തിയ ആഡംബര കാറായ ലാന്‍ഡ് റോവര്‍ ടൂറിസ്റ്റ് പെര്‍മിറ്റ് രജിസ്‌ട്രേഷനിലുള്ളതും എന്നാല്‍ കാറിന്റെ നമ്പര്‍ പ്ലേറ്റാകട്ടെ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വാഹനങ്ങളില്‍ പതിക്കുന്നതുമാണെന്നുള്ള കണ്ടെത്തല്‍ സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണു. പാര്‍ട്ടിയുടെ പ്രമുഖനായ നേതാവാണ് നഗ്‌നമായ നിയമലംഘനം നടത്തുന്ന ഒരാളുടെ വാഹനത്തില്‍ സമരത്തിന് എത്തിയത്.

നിലവില്‍ ഒരു കോടി രൂപയോളം വിലയുള്ള കാര്‍ ഇംഗ്ലണ്ടില്‍ നിന്നും ഇറക്കുമതി ചെയ്തതാണെന്ന് രേഖകളില്‍നിന്നു വ്യക്തമാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വണ്ടി കോട്ടയം ആര്‍ടിഒയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നികുതിയിളവ് ലഭിക്കുന്നതിനാണ് കാര്‍ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് വിവരം.പ്രൈവറ്റ് വാഹനമായി രജിസ്റ്റര്‍ ചെയ്താല്‍ ലൈഫ് ടാക്‌സ് അടയ്‌ക്കേണ്ടിവരും. അതായത് 15 വര്‍ഷത്തെ നികുതി. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് വാഹനത്തിന്റെ ഏതാണ്ട് അതേ വില തന്നെ ഇറക്കുമതി നികുതിയായും നല്‍കേണ്ടിവരും.

ജയരാജന്‍ സഞ്ചരിച്ച ലാന്‍ഡ് റോവറിന് ഇറക്കുമതി നികുതി അടക്കം ഏകദേശം ഒരു കോടി രൂപ വിലവരുമെന്നാണ് വിവരം. ഇതിന് ലൈഫ് ടാക്‌സായി ഏകദേശം പതിനഞ്ചു ലക്ഷം രൂപ നികുതിയായി അടയ്‌ക്കേണ്ടിവരും. എന്നാല്‍ ടാക്‌സി പെര്‍മിറ്റാക്കിയതിനാല്‍ ഒരു വര്‍ഷത്തെ നികുതി അടച്ചാല്‍ മതിയാകും. വര്‍ഷം വെറും 1360 രൂപ മാത്രമാണ് ഈ അത്യാഡംബര വാഹനത്തിന് നികുതിയായി കോട്ടയം ആര്‍ടി ഓഫീസില്‍ അടയ്ക്കുന്നത്.

പരസ്യമായ നിയലംഘനം നടത്തുന്ന ഒരു വ്യക്തിയുടെ ആഡംബര വാഹനത്തിലാണ് കര്‍ഷകത്തൊഴിലാളികളുടെ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യാന്‍ പാര്‍ട്ടി നേതാവ് എത്തിയതെന്നുള്ള സത്യം ഉള്‍ക്കൊള്ളാനാകാതെ നില്‍ക്കുകയാണ് പാര്‍ട്ടിയും പാര്‍ട്ടിക്കാരും.