മറുപടി പറയേണ്ടത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും: ആര്‍എംപി

single-img
3 December 2013

20tv_Rema_jpg_GFV4_1088725eസംസ്ഥാനത്തെ നടുക്കിയ ടി.പി. വധക്കേസിലെ പ്രതികള്‍ ജയിലില്‍ ആര്‍ഭാട ജീവിതം നയിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണ് മറുപടി പറയേണ്ടതെന്ന് ആര്‍എംപി നേതാവും ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ. രമ. നാടിനെ ഞെട്ടിച്ച കൊലക്കേസിലെ പ്രതികള്‍ ചട്ടങ്ങളെല്ലാം മറികടന്ന് ജയിലിനുള്ളില്‍ ആധുനിക സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തി സുഖജീവിതം നയിക്കണമെങ്കില്‍ അതിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും നേതാക്കള്‍ക്കും പങ്കുണെ്ടന്നു വ്യക്തമാണ്. ഇത്തരമൊരു ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കഴിയില്ലെന്നും രമ പറഞ്ഞു. ആര്‍എംപിയുടെ നേതൃത്വത്തില്‍ ജില്ലാജയിലിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു രമ.

ടിപിയെ വെട്ടിക്കൊന്നകേസിലെ പ്രധാന പ്രതികളായ കൊടിസുനിയും കിര്‍മാണി മനോജും ഷാഫിയും രജീഷുമെല്ലാം ഫോണിലൂടെ സംസാരിച്ചത് ഏതൊക്കെ നേതാക്കളുമായിട്ടാണെന്നു പുറത്തുവിടാന്‍ ആഭ്യന്തരവകുപ്പ് തയാറാകണമെന്നും രമ ആവശ്യപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം നാലു മണിക്കാണ് ആര്‍എംപി ജില്ലാ ജയിലിലേക്കു മാര്‍ച്ച് നടത്തിയത്. ജയിലിനു മുന്‍വശത്തുവച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു.കോഴിക്കോട് മുതലക്കുളത്തുനിന്നും ആരംഭിച്ച മാര്‍ച്ചില്‍ അമ്പതിലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു.