തീയില്‍ കുരുത്ത താന്‍ ഈ വെയിലത്ത് വാടില്ല; സുധാകരന് മറുപടിയുമായി തിരുവഞ്ചൂര്‍

single-img
3 December 2013

ടി.പി വധക്കേസ് പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ തനിക്കെതിരേ വിമര്‍ശനം നടത്തിയ കെ. സുധാകരന്‍ എം.പിക്ക് മറുപടിയുമായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. രാവിലെ കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ. സുധാകരന്‍ എംപി തിരുവഞ്ചൂരിനെതിരേ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. ശേഷം കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്റെ വിമര്‍ശനങ്ങള്‍ക്ക് തിരുവഞ്ചൂര്‍ മറുപടി നല്‍കി.

സംസ്ഥാന ആഭ്യന്തരമന്ത്രി അല്‍പ്പത്തരം കാണിക്കരുതെന്ന സുധാകരന്റെ വിമര്‍ശനത്തില്‍ അന്‍പതു കൊല്ലത്തെ തന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ അല്‍പനാരാണെന്ന് നിങ്ങള്‍ വിലയിരുത്തിയാല്‍ മതിയെന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് പറ്റിയ വാക്കുകള്‍ തനിക്ക് ഇല്ലാത്തതിനാലല്ല, തന്റെ സംസ്‌കാരം തന്നെ തടയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിസ്ഥാനം കുടുംബസ്വത്തല്ലെന്ന വിമര്‍ശനത്തിന് കുടുംബത്തെ ഇക്കാര്യത്തില്‍ വലിച്ചിഴയ്ക്കരുതെന്നായിരുന്നു തിരുവഞ്ചൂരിന്റെ അഭ്യര്‍ഥന. എ.കെ ആന്റണിയെ റോള്‍ മോഡലായി കണ്ടു പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ആളാണ് താന്‍. തന്റെ നഖം മുതല്‍ മുടി വരെ കോണ്‍ഗ്രസ് സംസ്‌കാരമാണ്.

തീയില്‍ കുരുത്ത താന്‍ ഈ വെയിലത്തൊന്നും വാടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. 1974 ല്‍ കെഎസ്‌യു പ്രസിഡന്റായി ഇരുന്ന താന്‍ അന്നു മുതല്‍ രാഷ്ട്രീയത്തിലുണ്ട്. നിയമവ്യവസ്ഥയെ കൈയിലിട്ട് പന്താടാനുള്ള ചിലരുടെ ശ്രമത്തില്‍ വീണുപോകരുതെന്നാണ് വിമര്‍ശനമുന്നയിക്കുന്നവരോട് തനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്നും തന്നെ ആഭ്യന്തരമന്ത്രിയാക്കിയ ആളുകള്‍ മാറിനില്‍ക്കാന്‍ പറഞ്ഞാല്‍ അനുസരിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.