പ്രക്ഷോഭം പടരുന്നു; രാജിവയ്ക്കില്ലെന്ന് ഷിനവത്ര

single-img
3 December 2013

തായ്‌ലന്‍ഡ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് അധികാരം ജനകീയ സമിതിക്ക് കൈമാറണമെന്ന പ്രതിപക്ഷത്തിന്റെ അന്ത്യശാസനം തായ്്‌ലന്‍ഡ് പ്രധാനമന്ത്രി യിംഗ്‌ലക്ക് ഷിനവത്ര നിരാകരിച്ചു. നാവിക, വ്യോമ, കരസേനകളുടെ മുതിര്‍ന്ന കമാന്‍ഡര്‍മാരുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച രാത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചപ്പോഴാണ് രണ്ടുദിവസത്തിനകം രാജിവയ്ക്കണമെന്ന് സമരനേതാവും ഡെമോക്രാറ്റിക് പാര്‍ട്ടി എംപിയുമായ സുതേപ് അന്ത്യശാസനം നല്‍കിയത്.

ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടത്ത സമിതിക്ക് അധികാരം അടിയറവയ്ക്കണമെന്ന സുതേപിന്റെ നിര്‍ദേശം ഭരണഘടനയ്ക്കു നിരക്കുന്നതല്ലെന്ന് രാജ്യവ്യാപകമായി ടിവിയില്‍ സംപ്രേഷണം ചെയ്ത പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനയുടെ ചട്ടക്കൂടില്‍നിന്നുള്ള പരിഹാരത്തിനു തയാറാണ്. ആരുമായും ചര്‍ച്ച നടത്താം. പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പു നടത്തുന്നതിനും തയറാണ്. എന്നാല്‍ വെറുമൊരു സമിതിക്ക് അധികാരം കൈമാറാനാവില്ല. യിംഗ്‌ലക്ക് ഇന്നലെ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഇതിനിടെ പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പു നടത്താമെന്ന യിംഗ്‌ലക്കിന്റെ വാഗ്ദാനം സ്വീകരിച്ച് പ്രശ്‌നം പരിഹരിക്കാന്‍ സുതേപിന്റെ മേല്‍ സൈന്യം സമ്മര്‍ദം ചെലുത്തിത്തുടങ്ങി.

എന്നാല്‍ ഇന്നലെയും പോലീസും പ്രകടനക്കാരും ഏറ്റുമുട്ടി. പ്രകടനക്കാര്‍ക്കു നേരേ പോലീസ് റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചു. ഒരാഴ്ചയായി തുടരുന്ന സമരത്തില്‍ ഇതിനകം നാലുപേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.