ഐ.എഫ്.എഫ്. കെ; ലോകസിനിമാ വിഭാഗത്തില്‍ 83 ചിത്രങ്ങള്‍

single-img
3 December 2013

വ്യത്യസ്ത സാംസ്‌കാരിക ഭൂമികകളില്‍ നിന്നുവന്ന 83 സിനിമകളാണ് ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇറാന്‍ ഭരണകൂടം വീട്ടുതടങ്കലിലാക്കിയിരിക്കുന്ന സംവിധായകന്‍ ജാഫര്‍ പനാഹിയുടെ ക്ലോസ്ഡ് കര്‍ട്ടണ്‍, കിംകി ഡുക്കിന്റെ പുതിയ സിനിമയായ മോബിയസ്, കാനില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് അമത് എസ്‌കലാന്റയ്ക്ക് നേടിക്കൊടുത്ത ഹേലി എന്നിവ ഇതിലുള്‍പ്പെടുന്നു.

വര: എ ബ്ലസ്സിങ് ഭൂട്ടാനിലെ ലാമയും സിനിമാ സംവിധായകുമായ കിന്റസ് നോര്‍ബുവിന്റെ ചിത്രമാണ്. ഇംഗ്ലീഷില്‍ എടുത്ത ഭൂട്ടാനില്‍ നിന്നുള്ള ആദ്യത്തെ ചിത്രത്തിന്റെ കഥ ബംഗാളി എഴുത്തുകാരനായ സുനില്‍ ഗംഗോപാധ്യയയുടേതാണ്. അദ്ദേഹത്തിനുള്ള സ്മൃതിചിത്രം കൂടിയാണിത്. കൃഷ്ണ ഭക്തയായ ലൈല മുസ്ലീമായ ഒരു ശില്‍പ്പിയുമായി പ്രണയത്തിലാകുന്നു. ഭൂട്ടാന്റെ സാംസ്‌കാരിക പൈതൃകത്തിനുള്ള സമര്‍പ്പണവും ദൈവികതയുടെ വിവിധ തലത്തിലുള്ള സ്വപ്നസങ്കലനവുമാണ് ഈ ചിത്രം. ബുസാന്‍ രാജ്യാന്തര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം കൂടിയായിരുന്നു ഇത്.

കാനില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിക്കൊടുത്ത എസ്‌കലാന്റയുടെ ഹേലി എന്ന മെക്‌സിക്കന്‍ ചിത്രം നിയോ റിയലിസത്തിന്റെയും പൈശാചികതയുടെയും സങ്കലനമാണ്. മയക്കുമരുന്ന് ലൈംഗിക ചൂഷണങ്ങള്‍, പാപം, സ്‌നേഹം, പ്രതികാരം എന്നിവയുടെ സമപൂരണമാണ് ഈ ചിത്രം. 2013 ലെ മെക്‌സിക്കോയില്‍ നിന്നുള്ള മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചതും ഹേലിക്കാണ്.

ഒരു ഹൊറര്‍ ചിത്രമാണ് തോമസ് വിന്റര്‍ബര്‍ഗിന്റെ ദി ഹണ്ട്. ഒരു ചെറിയ കുട്ടി പറയുന്ന കള്ളം പൊതു സമൂഹം എങ്ങനെ സ്വീകരിക്കുന്നുവെന്നും വേട്ടയാടപ്പെട്ട ഇരയുടെ പിന്നീടുള്ള ജീവിതം എങ്ങനെയായിരിക്കും എന്നും കാണിച്ചുതരുന്നു ഈ ചിത്രം. തന്റെ ജീവിതവും മൂല്യങ്ങളും തിരിച്ചുപിടിക്കാനായി ലൂക്കാസ് എന്ന അധ്യാപകന്‍ നടത്തുന്ന ഒറ്റയാള്‍പ്പോാരാട്ടവുമാണ് ചിത്രം വരച്ചുകാട്ടുന്നത്.

കിങ് മോര്‍ഡന്റ് സംവിധാനം ചെയ്ത ഓസ്‌ട്രേലിയന്‍ ചിത്രം. ഡാം നിര്‍മാണപരിസ്ഥിതി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാല്‍ ഈ ചിത്രം ഓസ്‌ട്രേലിയയില്‍ നിരോധിച്ചു. രണ്ട് കുട്ടി കഥാപാത്രങ്ങളുടെ അതിശയിപ്പിക്കുന്ന പ്രകടനം ചിത്രത്തെ മികച്ചതാക്കി. 30 ഇന്റര്‍നാഷണല്‍ മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം 27 ാമത് ലീഡ്‌സ് രാജ്യാന്തരമേളയില്‍ ഓഡിയന്‍സ് അവാര്‍ഡ് നേടിയിട്ടുണ്ട്.

ഇറാന്‍ ഗവണ്‍മെന്റ് സിനിമ എടുക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുള്ള പ്രശസ്ത സംവിധായകന്‍ ജാഫര്‍ പനാഹിയുടെ തടങ്കലില്‍ നിന്നുള്ള രണ്ടാമത്തെ ചിത്രമാണ് ക്ലോസ്ഡ് കര്‍ട്ടണ്‍. ആദ്യ ചിത്രം ദിസ് ഈസ് നോട്ട് എ ഫിലിം 16 ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ദി ജര്‍മന്‍ ഡോക്ടര്‍ എന്ന അര്‍ജന്റീനിയയില്‍ നിന്നുള്ള സിനിമ 2007 ല്‍ അനവധി വിദേശ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ XXY എന്ന ചിത്രത്തിന്റെ സംവിധായിക ലൂസിയ പുന്‍സോയുടേതാണ്. 1960 കളിലെ ഓഷ്‌വിറ്റ്‌സ് കോണ്‍സട്രേഷന്‍ കാമ്പില്‍ നിന്ന് പുതിയ വ്യക്തിത്വം സ്വീകരിച്ച് ജോസഫ് എന്ന നാസി ഒരു പുതിയ സ്ഥലത്തെത്തുന്നു. അവിടെ കണ്ടുമുട്ടുന്ന ലിലിത് എന്ന യുവതിയുമായി ജോസഫ് പ്രണയത്തിലായി. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമ.

പുരാതന നഗരമായ റോം ഒരു കഥാപാത്രമായിത്തന്നെ വരുന്ന ചിത്രമാണ് പൗലോ സൊറെന്റിനോ സംവിധാനം ചെയ്ത ദി ഗ്രേറ്റ് ബ്യൂട്ടി എന്ന ഇറ്റാലിയന്‍ ചിത്രം. 65 കാരനായ എഴുത്തുകാരന്‍ റോമിലെ തന്റെ പഴയകാല ലഹരിജീവിതം ഓര്‍ത്തെടുക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഇറ്റാലിയന്‍ഫ്രഞ്ച് സംയുക്ത സംരംഭത്തില്‍ പുറത്തുവന്ന ചിത്രം അനവധി വിദേശ ചലച്ചിത്ര മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

2005 ല്‍ ദി വേവാഡ് ക്ലൗഡ് എന്ന സിനിമയിലൂടെ പേരെടുത്ത മിങ് ലിയാന്‍ സായിയുടെ ഏറ്റവും പുതിയ ചിത്രമാണ് സ്‌ട്രേ ഡോഗ്‌സ്. വെനീസ് മേളയില്‍ സംവിധായകനുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ഈ ചിത്രത്തിന് ലഭിച്ചു.

50 വര്‍ഷങ്ങള്‍ക്കുശേഷം പാക്കിസ്ഥാനില്‍ നിന്ന് ഓസ്‌ക്കാര്‍ നോമിനേഷന്‍ ലഭിക്കുന്ന ചിത്രമാണ് സിന്ദാ ബാഗ്. സമകാലീന പാക്കിസ്ഥാനി യുവത്വത്തിന്റെ ജീവിതക്കാഴ്ചയാണ് മിനു ഗൗര്‍, ഫര്‍ജാദ് നബി എന്നിവര്‍ സംവിധാനം ചെയ്ത ഈ ഹാസ്യചിത്രത്തിന്റെ പ്രമേയം. ബോളിവുഡ് നടന്‍ നസറുദ്ദീന്‍ ഷാ ഇതില്‍ അഭിനയിച്ചിട്ടുണ്ട്.

ക്രൊയേഷ്യല്‍ നിന്നുള്ള വിന്‍കോ ബ്രസന്റ് സംവിധാനം ചെയ്ത ഹാസ്യചിത്രമാണ് ദി പ്രീസ്റ്റ്‌സ് ചില്‍ഡ്രന്‍. അഡ്രിയാക്കിലുള്ള ഒരു ചെറിയ ദ്വീപിലേക്ക് പുരോഹിതനായെത്തുന്നയാള്‍ അവിടുത്തെ ജനസംഖ്യ വര്‍ധിപ്പിക്കാനായി ഒരു പദ്ധതിയിടുന്നു. എന്നാല്‍ അധികം താമസിയാതെ അത്യന്തം സങ്കീര്‍ണമാകുന്ന സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിത്തുടങ്ങി.

2007 ല്‍ 23 വിദേശ അവാര്‍ഡുകള്‍ നേടിയ പോസ്റ്റ് കാര്‍ഡ്‌സ് ഫ്രം ലെനിന്‍ ഗ്രാഡ് എന്ന ചിത്രത്തിന്റെ സംവിധായിക മറിയാന റാന്‍ഡന്റെ ചിത്രമാണ് ബാഡ് ഹെയര്‍. വെനസ്വേലയുടെ സാമൂഹിക സാംസ്‌കാരിക പരിസരങ്ങള്‍ വെളിപ്പെടുത്തുന്ന ചിത്രമാണിത്. ഒന്‍പതു വയസ്സുകാരന്‍ തന്റെ ചുരുണ്ട തലമുടി ഒരു സംഗീതജ്ഞനെപ്പോലെ നീട്ടാന്‍ തീരുമാനിക്കുന്നതാണ് കഥ.

കാന്‍ ഫെസ്റ്റിവലില്‍ പാംഡിയോര്‍ കരസ്ഥമാക്കിയ കിടിലന്‍ ചിത്രമാണ് ബ്ലൂ ഈസ് ദി വാമസ്റ്റ് കളര്‍. 15 കാരിയായ അഡേലയുടെ ജീവിതം എമ്മായെ കണ്ടുമുട്ടുന്നതോടെ ആകെ മാറിമറിയുന്നു. ചിത്രകലാ വിദ്യാര്‍ഥിയായ നീലമുടിക്കാരിയുമായി ഒരു പ്രത്യേക തരത്തിലുള്ള ബന്ധം അഡേലയില്‍ ഉടലെടുക്കുന്നു. അബ്ദുള്‍ ലത്തീഫ് കെച്ചിചെ ആണ് സംവിധായകന്‍.

കിംകി ഡുക്കിന്റെ പുതിയ ചിത്രമാണ് മൊബിയസ്. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധത്തില്‍ അസൂയാലുവായ സ്ത്രീ പ്രതികാരം തീര്‍ക്കുന്നത് മകന്റെ നേര്‍ക്കാണ്. വയലന്‍സും പാപബോധവും അതിതീവ്രമായി ചിത്രീകരിച്ചിരിക്കുന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നത് സൗത്ത് കൊറിയയില്‍ ആദ്യം വിലക്കിയിരുന്നു.

യുദ്ധം എന്താണെന്ന് നിങ്ങള്‍ക്കറിയണമെങ്കില്‍ ചിലനേരങ്ങളിലെങ്കിലും ഒരു കുഞ്ഞിന്റെ കാഴ്ച വേണ്ടിവരും. ഉക്രയ്‌നില്‍ നിന്നുള്ള സംവിധായികയായ ഈവ നിമാന്റെ ഹൗസ് വിത്ത് എ ടെറന്റ് എന്ന ചിത്രം ഇതിന് ഉദാഹരണമാണ്. റഷ്യന്‍ എഴുത്തുകാരനായ ഫ്രെഡറിക് ഗോറന്‍സ്റ്റിന്റെ ആത്മകഥയില്‍ നിന്നും രണ്ടാം ലോക മഹായുദ്ധത്തിന്റെ അവശേഷിപ്പുകളെ എട്ടു വയസ്സുകാരന്റെ അനുഭവങ്ങളിലൂടെ കാണിച്ചുതരുന്ന ഈ ചിത്രം അനവധി വിദേശ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

മികച്ച വിദേശചിത്രത്തിനുള്ള ഓസ്‌കാറിനായി ഹംഗറിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ദി നോട്ട് ബുക്ക്. രണ്ടാം ലോകയുദ്ധത്തിന്റെ കെടുതികള്‍ നേരിടുന്ന ഹംഗറിയിലെ ഒരു ഗ്രാമത്തിലെ കൗമാരക്കാരായ രണ്ട് കുട്ടികളുടെ കഥയാണിത്. നിര്‍ദയമായ ലോകത്തിന്റെ ഇടപെടലുകള്‍ ആദ്യം ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും തങ്ങളുടേതായ രീതിയില്‍ അവര്‍ ചെറുത്തുനില്‍ക്കാന്‍ പരിശീലിക്കുന്നു. ഹൃദയസ്പര്‍ശിയായ ഈ ചിത്രം നിശ്ചയമായും കണ്ടിരിക്കേണ്ടതാണ്.

എഴുത്തുകാരനും സംവിധായകനുമായ ബീയിബണ്ടേലയുടെ പ്രഥമ ചിത്രമായ ഹാഫ് ഓഫ് എ യെല്ലോ സണ്‍ ഇതേ പേരില്‍ ചിമാമാണ്ട നെഗോസി അഡീച്ചേ എഴുതിയ നോവലിനെ അധികരിച്ചുള്ളതാണ്. ആഭ്യന്തര സംഘര്‍ഷങ്ങള്‍ എങ്ങനെയാണ് തദ്ദേശവാസികളുടെ ജീവിതത്തെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും ബാധിച്ചതെന്നതിന്റെ ഉദാഹരണങ്ങള്‍ കാണിച്ചുതരുന്നു നൈജീരിയയില്‍ നിന്നുള്ള ഈ ചിത്രം.

ബിറ്റ്‌വീന്‍ എസ്റ്റര്‍ഡേ ആന്‍ഡ് ടുമാറോ എന്ന ശ്രീലങ്കന്‍ ചിത്രം മൂന്ന് യുവാക്കളിലൂടെ സമകാലീന ശ്രീലങ്കയുടെ നേര്‍ചിത്രം അവതരിപ്പിക്കുന്നു. സ്വാതന്ത്ര്യവും സ്‌നേഹവും സമ്പത്തും എല്ലാമുള്ള ജീവിതം സ്വപ്നം കാണുന്ന ഇവര്‍ അത് നേടിയെടുക്കുന്നത് എളുപ്പമല്ലായെന്ന് തിരിച്ചറിയുന്നു. അധികാര ശക്തികളുടെ അത്യാഗ്രഹത്തിനും ഉപജാപത്തിനും മുമ്പില്‍ തങ്ങള്‍ വലിയ വിലനല്‍കേണ്ടിവരുമെന്ന് അവര്‍ തിരിച്ചറിയുന്നു.

58 രാജ്യങ്ങളില്‍ നിന്ന് 83 ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. ഇതില്‍ 38 സിനിമകള്‍ സംയുക്ത സംരംഭങ്ങളാണ്. 12 വനിതാസംവിധായകരുടെ ചലച്ചിത്രങ്ങളും ഈ വിഭാഗത്തിലുണ്ട്.