തായ്‌ലന്‍ഡ്: പ്രക്ഷോഭം ശക്തിപ്പെടുന്നു: ഷിനവത്ര ഒളിവില്‍

single-img
2 December 2013

പ്രധാനമന്ത്രി യിംഗ്‌ലക് ഷിനവത്രയുടെ രാജി ആവശ്യപ്പെട്ടു തായ്‌ലന്‍ഡില്‍ പ്രക്ഷോഭം നടത്തുന്നവര്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന ഗവണ്‍മെന്റ് ഹൗസും പോലീസ് തലസ്ഥാനവും കൈയേറാന്‍ ശ്രമിച്ചു. പോലീസ് ആസ്ഥാനത്തുണ്ടായിരുന്ന പ്രധാനമന്ത്രി അജ്ഞാതസ്ഥലത്തേക്കു മുങ്ങി. എന്നാല്‍ യിംഗ്‌ലക് രാജ്യം വിട്ടെന്ന വാര്‍ത്ത സര്‍ക്കാര്‍ നിഷേധിച്ചു.

തായ്‌ലന്‍ഡില്‍ ഇന്നുമുതല്‍ പൊതുപണിമുടക്ക് നടത്താന്‍ പ്രക്ഷോഭത്തിനു നേതൃത്വം നല്കുന്ന മുന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി സുതേപ് ആഹ്വാനം ചെയ്തു. ശനിയാഴ്ച രാത്രി പ്രക്ഷോഭകാരികളും സര്‍ക്കാര്‍ അനുകൂലികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു പേര്‍ മരിക്കുകയും 54 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പ്രക്ഷോഭത്തിന്റെ ഏഴാം ദിനമായ ഇന്നലെ 30,000 പേര്‍ സര്‍ക്കാര്‍ ആസ്ഥാനങ്ങളിലേക്കു മാര്‍ച്ച് ചെയ്തു.

കനത്ത സുരക്ഷയുള്ള ഗവണ്‍മെന്റ് ഹൗസ് കൈയേറാനുള്ള ശ്രമം വിജയിച്ചില്ല. സമരക്കാര്‍ക്കു നേരേ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സര്‍ക്കാരിന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ തായ് പിബിഎസിന്റെ ആസ്ഥാനം പ്രക്ഷോഭകാരികള്‍ പിടിച്ചെടുത്തു. യിംഗ്‌ലക് ഷിനവത്ര പോലീസ് തലസ്ഥാനത്തു മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്കാന്‍ ഒരുങ്ങവേയാണു സമരക്കാര്‍ എത്തിയത്. ഇതേതുടര്‍ന്ന് പ്രധാനമന്ത്രി അജ്ഞാത സ്ഥലത്തേക്കു മാറിയതായി അധികൃതര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.