സംസ്ഥാന രൂപീകരണത്തിനുമുമ്പുള്ള കരാറടിസ്ഥാനത്തില്‍ നെയ്യാര്‍ഡാമില്‍ നിന്നു ജലം വേണമെന്നു തമിഴ്‌നാട്

single-img
2 December 2013

കേരള സംസ്ഥാനം രൂപീകരണത്തിനു മുമ്പുണ്ടായിരുന്ന ധാരണ പ്രകാരം നെയ്യാര്‍ ഡാമില്‍ നിന്നു ജലം വേണമെന്നാവശ്യപ്പെട്ടു തമിഴ്‌നാട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. നെയ്യാറില്‍ നിന്നു ജലം നല്‍കാനാകില്ലെന്ന കേരളത്തിന്റെ നിലപാടിനെ ശക്തമായി എതിര്‍ത്താണു തമിഴ്‌നാട് സുപ്രീംകോടതിയില്‍ വാദങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

കന്യാകുമാരി ജില്ല തിരുക്കൊച്ചിയുടെ ഭാഗമായിരുന്നപ്പോള്‍ 1950കളിലാണു നെയ്യാര്‍ ഡാം നിര്‍മിച്ചത്. നെയ്യാര്‍ പദ്ധതി നടപ്പാക്കുമ്പോള്‍ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കന്യാകുമാരിക്കു വെള്ളം നല്‍കുമെന്നായിരുന്നു ധാരണ. നെയ്യാര്‍ അന്തര്‍ സംസ്ഥാന നദിയാണ്. 1956ലെ സംസ്ഥാന പുനഃ സംഘടനാ നിയമത്തിലെ രണ്ടാം ഉപവകുപ്പു പ്രകാരം നെയ്യാറില്‍ നിന്നുള്ള ജലം കന്യാകുമാരി ജില്ലയ്ക്ക് അവകാശപ്പെട്ടതാണെന്നും തമിഴ്‌നാട് വ്യക്തമാക്കുന്നു. സംസ്ഥാന രൂപീകരണത്തിനുശേഷം കന്യാകുമാരി തമിഴ്‌നാടിന്റെ ഭാഗമായെങ്കിലും 2004 വരെ ജലം ലഭിച്ചിരുന്നു. നേരത്തേയുള്ള ധാരണയ്ക്കു വിരുദ്ധമായാണു ജലം നല്‍കുന്നത് അവസാനിപ്പിച്ചത്. എന്നാല്‍ ഈതീരുമാനം പിന്‍വലിക്കുന്ന തരത്തിലുള്ള സമ്മര്‍ദ്ദം കോടതിയുടെ ഭാഗത്തു നിന്നുമുണ്ടാകണമെന്നാണ് തമിഴ്‌നാട് ആവശ്യപ്പെട്ടിരിക്കുന്നത്.