കലാഭവന്‍ മണിയില്‍ നിന്നും പിടിച്ചെടുത്തത് 23 പവന്‍ തൂക്കമുള്ള ബ്രേസ്‌ലെറ്റ്

single-img
2 December 2013

7422-131722-Kalabhavan-Mani-2വിദേശത്തു നിന്നും കൊച്ചിയിലേക്കുള്ള യാത്രയില്‍ കലാഭവന്‍ മണി ധരിച്ചിരുന്ന ബ്രേസ്‌ലെറ്റ് സ്വര്‍ണമാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്‌ടെത്തിയതിനെത്തുടര്‍ന്ന് മണിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കും. നാളെ നോട്ടീസ് അയക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. പിടിച്ചെടുത്തത് 23 പവന്‍ തൂക്കമുള്ള ബ്രേസ്‌ലെറ്റാണ്. 22 കാരറ്റ് സ്വര്‍ണമാണിതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അഞ്ചര പവന്‍ മാത്രമാണ് ബ്രേസ്‌ലെറ്റിലുള്ളതെന്നും അകത്ത് ഇരുമ്പു വളയാണെന്നുമായിരുന്നു മണി പറഞ്ഞത്. 181 ഗ്രാം തൂക്കമുള്ള ബ്രേസ്‌ലെറ്റാണ് കസ്റ്റംസിന്റെ പക്കലുള്ളത്.രാവിലെ നെടുമ്പാശേരിയിലെത്തിയ മണിയോട് ആഭരണം സ്വര്‍ണമാണോ എന്നു ചോദിച്ച് പരിശോധന നടത്താനൊരുങ്ങവേ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു ബ്രേസ്‌ലെറ്റ് നല്‍കി പോകുകയായിരുന്നു. കൈയിലെ ബ്രേസ്‌ലെറ്റിനു പുറമേ മണിയുടെ കഴുത്തില്‍ ഒരു സ്വര്‍ണച്ചെയിനും ഉണ്ടായിരുന്നു. ആഭരണങ്ങള്‍ കൊണ്ടുവരാനുള്ള അനുമതി മണിക്കുണ്ടായിരുന്നില്ല. നിയമമനുസരിച്ച് ആറു മാസത്തിലധികം വിദേശത്തു കഴിഞ്ഞ ഒരാള്‍ക്കു മാത്രമേ ആഭരണങ്ങള്‍ കൊണ്ടുവരാനാകൂ. എന്നാല്‍ മണി ഒരു പ്രോഗ്രാമിനു വേണ്ടി അടുത്തിടെയാണ് കുവൈറ്റിലേക്ക് പോയത്. ബ്രേസ്‌ലെറ്റ് ഉദ്യോഗസ്ഥര്‍ക്ക് നേരേ വലിച്ചെറിഞ്ഞിട്ട് മണി പോകുകയായിരുന്നു എന്നാണ് പരാതി. എന്നാല്‍ ആരോപണം മണി പിന്നീട് നിഷേധിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും മണി പറഞ്ഞു.