കണ്ണൂര്‍ ജില്ലയില്‍ ഇന്നു ഹര്‍ത്താല്‍

single-img
2 December 2013

പെരുന്പയിൽ സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർ‌ഷത്തിനിടെ ബി.ജെ.പി പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. രണ്ടു ബി.ജെ.പി പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു.

ആര്‍.എസ്‌.എസ്‌. പയ്യന്നൂര്‍ ടൗണ്‍ ശാഖ കാര്യവാഹും പെരുമ്പയിലെ ഫോട്ടോഗ്രാഫറുമായ അശ്വതി നിവാസില്‍ സി.എം. വിനോദ്‌കുമാര്‍ (28) ആണു കൊല്ലപ്പെട്ടത്‌. പയ്യന്നൂരില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ അന്നൂരിലെ നാരായണന്‍ (45), പാടിയോട്ടുചാലിലെ ലക്ഷ്‌മണന്‍ (38) എന്നിവരെ വെട്ടേറ്റു ഗുരുതരപരുക്കുകളോടെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂരിൽ കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനാചരണ പരിപാടിക്ക് വാഹനത്തിൽ പോവുകയായിരുന്ന ബി.ജെ.പി പ്രവർത്തകരാണ് സി.പി.എം പ്രവർത്തകരുമായി ദേശീയപാതയിൽ ഏറ്റുമുട്ടിയത്. നേരത്തെ സി.പി.എം പ്രവർത്തകരുമായി കരിവെള്ളൂർ-പെരളം ചീറ്റയിൽ ചെറിയ തോതിൽ പ്രശ്നമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമായിരുന്നു പെരുന്പയിലെ സംഘർഷം.

കൊലപാതകത്തില്‍ പ്രതിഷേധിച്ചു കണ്ണൂര്‍ ജില്ലയിലും മാഹിയിലും ഇന്നു ഹര്‍ത്താല്‍ നടത്താന്‍ ബി.ജെ.പി. ആഹ്വാനം ചെയ്‌തു. സംഭവത്തെത്തുടര്‍ന്നു മേഖലയില്‍ സ്വകാര്യബസുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ സര്‍വീസ്‌ നിര്‍ത്തി. സംഘര്‍ഷാവസ്‌ഥ നിലനില്‍ക്കുന്നതിനാല്‍ തളിപ്പറമ്പ്‌ പോലീസ്‌ സബ്‌ ഡിവിഷന്‍ പരിധിയില്‍ അഞ്ചു ദിവസത്തേക്കു നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. തളിപ്പറമ്പ്‌ ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ്‌ സന്നാഹം പ്രദേശത്തു ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.