കൊച്ചി മുസ്സിരിസ് ബിനാലെയ്ക്ക് കോണ്ടേ നാസ്റ്റ് ട്രാവലര്‍ അവാര്‍ഡ്

single-img
2 December 2013
Conde Nast award for Kochi-Muziris Biennaleആഗോള ശ്രദ്ധ പിടിച്ചുപറ്റുകയും സമകാലിക കലാഭൂപടത്തില്‍ കേരളത്തിന് ഇടം നേടിക്കൊടുക്കുകയും ചെയ്ത ആദ്യ കൊച്ചി-മുസ്സിരിസ് ബിനാലെയ്ക്ക് സാംസ്‌കാരിക വിനോദസഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പ്രശസ്തമായ കോണ്ടേ നാസ്റ്റ് ട്രാവലര്‍ അവാര്‍ഡ് ലഭിച്ചു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബിനാലെ ക്യൂറേറ്റര്‍മാരായിരുന്ന റിയാസ് കോമുവും ബോസ് കൃഷ്ണമാചാരിയും ചേര്‍ന്ന് പുരസ്‌കാരം സ്വീകരിച്ചു.
ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയ്ക്കു വെളിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് കലാകാരന്മാരുടെ നേതൃത്വത്തിലുള്ള പരിപാടിക്കാണ് ഈ പുരസ്‌കാരം ലഭിച്ചതെന്നത് ശ്രദ്ധേയമാണ്. ഇത്തരത്തിലൊരു സംരംഭത്തിനായി ഇരുവരും നടത്തിയ പരിശ്രമങ്ങളെ കോണ്ടേ നാസ്റ്റ് പ്രശംസിച്ചു. ബിനാലെയെന്നത് ഇന്ത്യയിലേയും ലോകത്തേയും സമകാലിക കലകളുടെ പ്രദര്‍ശനം മാത്രമായിരുന്നില്ലെന്നും നമ്മുടെ സമ്പന്നമായ ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും കലാപാരമ്പര്യത്തിന്റെയും സാംസ്‌കാരിക ഉന്നമനത്തിന്റെയും പ്രദര്‍ശനം കൂടിയായിരുന്നെന്നും അവര്‍ പറഞ്ഞു.
വായനക്കാര്‍ക്കിടയില്‍ നടത്തുന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് വിനോദസഞ്ചാരമേഖലയില്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ഈ പുരസ്‌കാരം നിശ്ചയിക്കുന്നത്.
യാത്ര ഇഷ്ടപ്പെടുന്നവര്‍ നല്‍കുന്ന ഈ പുരസ്‌കാരം തങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് റിയാസ് കോമു പറഞ്ഞു. കൊച്ചിയുടെയും മുസ്സിരിസിന്റെയും പൈതൃകം ചുറ്റിക്കറങ്ങുന്നത് യാത്രയുടേയും ബഹുസാംസ്‌കാരികതയുടെയും ആശയങ്ങളിലാണെന്ന് റിയാസ് കോമു ചൂണ്ടിക്കാട്ടി. ലോകത്തെ ഏതു നാഗരിക സംസ്‌കാരം പരിശോധിച്ചാലും അവയ്‌ക്കെല്ലാം കേരളത്തിലെ മുസ്സിരിസുമായി ബന്ധമുണ്ടാകും. വ്യാപാരികള്‍ ഉള്‍പ്പെടെ, ലോകമെമ്പാടും സഞ്ചരിക്കേണ്ടിവരുന്നവരാണ് കൊച്ചിയുടെയും മുസ്സിരിസിന്റെയും ബഹുസാംസ്‌കാരികതയെ പൂര്‍ണമാക്കുന്നത്. പഴയകാലത്തെ സ്‌പൈസ് റൂട്ട് പോലെ കൊച്ചി ഇപ്പോള്‍ ആഗോളതലത്തിലുള്ള ഒരു ആര്‍ട്ട് റൂട്ടിന്റെ ഭാഗമാണെന്ന് റിയാസ് കോമു ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ച ബിനാലെയായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.
ബിനാലെ വന്‍വിജയമാക്കിത്തീര്‍ക്കാന്‍ അക്ഷീണം യത്‌നിച്ച ഒരു കൂട്ടായ്മയ്ക്കുള്ള അംഗീകാരമാണിതെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ബിനാലെയെ സഹായിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം പുരോഗമനപരമായിരുന്നു. അതുകൊണ്ടുതന്നെ സര്‍ക്കാരിനും അഭിമാനിക്കാവുന്ന ഒന്നാണ് ഈ പുരസ്‌കാരമെന്ന് ബോസ് ചൂണ്ടിക്കാട്ടി.
ന്യൂഡല്‍ഹിയിലെ ഐടിസി മൗര്യ ഹോട്ടലില്‍ നവംബര്‍ 28ന് നടന്ന പുരസ്‌കാരദാനച്ചടങ്ങില്‍ കേന്ദ്ര ടൂറിസം സെക്രട്ടറി പര്‍വേശ് ദിവാന്‍, കേരള ടൂറിസം സെക്രട്ടറി ശ്രീ സുമന്‍ ബില്ല, കോണ്ടേ നാസ്റ്റ് ഇന്‍ഡ്യ മാനേജിംഗ് ഡയറക്ടര്‍ ശ്രീ അലക്‌സ് കുരുവിള, എഡിറ്റര്‍ ശ്രീമതി ദിവിയ താനി ദേശ്വാനി എന്നിവരും ഇന്ത്യയിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലെ പ്രമുഖരും പങ്കെടുത്തു.
ഫോര്‍ട്ടു കൊച്ചിയിലും പരിസരങ്ങളിലുമായി 2012 ഡിസംബര്‍ മുതല്‍ 2013 മാര്‍ച്ച് വരെ അരങ്ങേറിയ ആദ്യ കൊച്ചി-മുസ്സിരിസ് ബിനാലെ വിദേശികള്‍ ഉള്‍പ്പെടെ നാലു ലക്ഷത്തോളം പേര്‍ കണ്ടതായാണ് കണക്ക്. ലോകത്തെമ്പാടുമുള്ള സമകാല കലയിലെ പ്രമുഖര്‍ തങ്ങളുടെ സൃഷ്ടികള്‍ ബിനാലെയില്‍ അണിനിരത്തിയിരുന്നു.
രണ്ടാമത് കൊച്ചി-മുസ്സിരിസ് ബിനാലെ 2014 ഡിസംബര്‍ 12ന് ആരംഭിക്കും. മുംബൈ കേന്ദ്രമാക്കി കലാപ്രവര്‍ത്തനം നടത്തുന്ന മലയാളിയായ ജിതീഷ് കല്ലാട്ടിനെ രണ്ടാമത് ബിനാലെയുടെ ക്യൂറേറ്ററായി ബിനാലെ ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചിരുന്നു.