പാര്‍ട്ടി മുഖപത്രത്തില്‍ വിവാദവ്യസായിയുടെ പരസ്യം; ചോദ്യം ചെയ്ത ചാനലുകള്‍ക്ക് വ്യവസായിയുടെ ചുട്ട മറുപടി

single-img
29 November 2013

desabhimaniപാലക്കാട് നടക്കുന്ന സിപിഎം സംസ്ഥാന പ്ലീനത്തിന് അഭിവാദ്യമര്‍പ്പിച്ച് വിവാദവ്യവസായിയുടെ പരസ്യം ദേശാഭിമാനിയുടെ മുന്‍പേജില്‍ പ്രസിദ്ധീകരിച്ചത് വിവാദമായി. പത്രത്തിന്റെ മുന്‍പേജിലാണ് പ്ലീനത്തിന് അഭിവാദ്യമര്‍പ്പിച്ച് വിവാദവ്യവസായി ഫോട്ടോ അടക്കമുള്ള പരസ്യം എല്ലാ എഡിഷനുകളിലും നല്കിയിരിക്കുന്നത്. മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിലും, മലബാര്‍ സിമന്റ്‌സ് സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റേയും മക്കളുടേയും മരണത്തിലും ആരോപണവിധേയനായ വി.എം രാധാകൃഷ്ണനാണ് തന്റെ കമ്പനിയായ സൂര്യ ഗ്രൂപ്പിന്റെ പേരില്‍ പരസ്യം പ്രസിദ്ധീകരിച്ചത്.

അതേസമയം ഈ സംഭവത്തില്‍ ചര്‍ച്ചയ്ക്കു വേണ്ടി ശടലഫോണില്‍ ബന്ധപ്പെട്ട ചാനലുകള്‍ക്ക് ലഭിച്ച ചാക്കിന്റെ മറുപടി രസമുളവാക്കി. വെറും പതിനായിരം രൂപ ചിലവാക്കിയപ്പോള്‍ ഇന്ന് മുഴുവന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുവാനുള്ള ഒരു ഭാഗ്യം തനിക്കുണ്ടായെന്നാണ് രാധാകൃഷ്ണന്‍ ചാനലുകാരോട് പറഞ്ഞത്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിച്ച യാത്രയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിലും താന്‍ പരസ്യം നല്‍കിയിട്ടുണ്‌ടെന്നും അത് എന്തുകൊണ്ട് വിവാദമായില്ലെന്നും അദ്ദേഹം തിരിച്ചു ചോദിച്ചു. ഒരു കേസില്‍ ആരോപണവിധേയനാണെന്ന് പറഞ്ഞ് വ്യക്തിയെ തെരഞ്ഞുപിടിച്ച് ഉപദ്രവിക്കരുതെന്നും വി.എം രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് ടെലിഫോണില്‍ പ്രതികരിക്കവേ പറഞ്ഞു.