ആരുഷി വധം: മാതാപിതാക്കള്‍ക്കു ജീവപര്യന്തം

single-img
27 November 2013

Arushiപ്രമാദമായ ആരുഷി കൊലക്കേസില്‍ പതികള്‍ക്ക് ജീവപര്യന്തം. മകള്‍ ആരുഷിയെയും വീട്ടുജോലിക്കാരന്‍ ഹേംരാജിനെയും കൊലപ്പെടുത്തിയ കേസില്‍ മാതാപിതാക്കളായ രാജേഷ് തല്‍വാറിനും നൂപുര്‍ തല്‍വാറിനുമാണ് ജീവപര്യന്തം തടവുശിക്ഷ. ജീവപര്യന്തം തടവിനു പുറമേ തെളിവു നശിപ്പിച്ചതിന് ഇരുവരും അഞ്ചു വര്‍ഷം തടവും പോലീസിനു തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് രാജേഷ് ഒരു വര്‍ഷം തടവും അധികമായി അനുഭവിക്കണം. വിധി കേട്ടു തല്‍വാര്‍ ദമ്പതികള്‍ കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു. തങ്ങള്‍ തെറ്റുകാരല്ലെന്നു ഡോ. രാജേഷ് വിളിച്ചുപറഞ്ഞു. ഇരുവരെയും പോലീസ് ദശ്‌ന ജയിലിലേക്കു കൊണ്ടുപോയി. വിധി ചോദ്യംചെയ്തു ഹൈക്കോടതിയെ സമീപിക്കുമെന്നു തല്‍വാര്‍ ദമ്പതികളുടെ അഭിഭാഷക റബേക്ക ജോണ്‍ പറഞ്ഞു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി ഇതു പരിഗണിക്കാന്‍ കഴിയില്ലെന്നു കോടതി നിരീക്ഷിച്ചു. സമൂഹത്തിനു പ്രതികള്‍ ഒരു തരത്തിലുള്ള ഭീഷണിയും ഉയര്‍ത്തുന്നവരല്ല. ചില പ്രത്യേക സാഹചര്യത്തില്‍ ഇവര്‍ കുറ്റം ചെയ്യുകയായിരുന്നുവെന്നു ജഡ്ജി ശ്യാംലാല്‍ ചൂണ്ടിക്കാട്ടി.