ഡ്യൂട്ടിക്കിടെ ആക്രമിക്കപ്പെട്ട സംഭവം; വനിതാ ട്രാഫിക് വാര്‍ഡന്‍ ഐജിക്ക് പരാതി നല്‍കി

single-img
26 November 2013

Padmini-Traffic-wardenഡ്യൂട്ടിക്കിടെ കാര്‍ യാത്രക്കാരന്‍ ആക്രമിച്ച സംഭവത്തില്‍ പോലീസിന്റെ വീഴ്ചയ്‌ക്കെതിരേ ട്രാഫിക് വാര്‍ഡന്‍ പത്മിനി എറണാകുളം റേഞ്ച് ഐജി കെ. പദ്മകുമാറിനു പരാതി നല്‍കി. അന്വേഷണത്തില്‍ അലംഭാവം കാണിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നാണ് പത്മിനി പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചതായി പത്മിനി പരാതി നല്‍കിയിട്ടില്ലെന്ന് ഡിജിപി കെ.എസ് ബാലസുബ്രഹ്മണ്യം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പത്മിനി പരാതി നല്‍കിയാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഡിജിപി ഡല്‍ഹിയില്‍ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചാണ് പത്മിനി ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കോ എറണാകുളം റേഞ്ച് ഐജിക്കോ പരാതി നല്‍കാനായിരുന്നു ഡിജിപിയുടെ നിര്‍ദേശം. കേസിന്റെ അന്വേഷണം ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം എഡിജിപി ബി. സന്ധ്യയ്ക്ക് കൈമാറിയിരുന്നു. കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി ഇടപെട്ടാണ് അന്വേഷണച്ചുമതല സന്ധ്യയ്ക്ക് കൈമാറിയത്.

എറണാകുളത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പത്മിനിയെ കാറിലെത്തിയ കലൂര്‍ അശോക റോഡ് കപ്പാട്ടി പാലസില്‍ വിനോഷ് വര്‍ഗീസ് മര്‍ദ്ദിച്ചെന്നാണ് കേസ്. സംഭവത്തിന് ശേഷം പരാതി നല്‍കിയ പത്മിനി ആശുപത്രിയില്‍ അഡ്മിറ്റായിരുന്നെങ്കിലും പോലീസ് ആദ്യം മുതല്‍ പ്രതിയെ രക്ഷപെടുത്തുന്ന സമീപനമായിരുന്നു സ്വീകരിച്ചത്.