ആറന്മുള വിമാനത്താവളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി

single-img
19 November 2013

ARANMULA_1236642fആറന്മുള വിമാനത്താവളത്തിന് കേന്ദ്ര സര്‍ക്കാര്‍ അന്തിമാനുമതി നല്‍കി. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ് വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി നല്‍കിയത്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഉപാധികളോടെയാണ് കെജിഎസ് ഗ്രൂപ്പിന് അനുമതിയെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകരുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ വിമാനത്താവളത്തിന് അനുമതി നല്‍കിയത്. വിമാനത്താവളത്തിന് അനുമതി നല്‍കണമെന്ന വിഷയത്തില്‍ പഠനം നടത്തിയ വിദഗ്ധ സമിതി വിമാനത്താവളത്തെ അനുകൂലിച്ച് 2012-ല്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ ശിപാര്‍ശ ഉത്തരവായി പരിഗണിച്ച് കെജിഎസ് ഗ്രൂപ്പ് നേരത്തെ തന്നെ ആറന്മുളയില്‍ നിര്‍മ്മാണം തുടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പരിസ്ഥിതി വാദികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. യുഡിഎഫിലെ ഹരിത എംഎല്‍എമാരും വിമാനത്താവളത്തിനെതിരേ രംഗത്തെത്തിയതോടെ വിഷയം ചൂടുപിടിച്ചു. വിമാനത്താവളത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഇവര്‍ കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിരുന്നു. പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ ഏറ്റവും ആവശ്യമായിരുന്ന അനുമതിയാണ് കെജിഎസ് ഗ്രൂപ്പിന് ലഭിച്ചിരിക്കുന്നത്. പാരിസ്ഥിതിക അനുമതി ലഭിച്ചതോടെ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കമ്പനി പെട്ടന്ന് തന്നെ തുടങ്ങുമെന്നും സൂചനയുണ്ട്.