പശ്ചിമഘട്ടം: ജനരോഷം ഇരമ്പുന്നു; സംസ്ഥാനത്തു തിങ്കളാഴ്ച ഇടതു ഹര്‍ത്താല്‍

single-img
16 November 2013

harthal-20-2-2013-5-2013-02-20-06-35-05_mജനവികാരം വകവയ്ക്കാതെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ സംസ്ഥാനമെങ്ങും ജന രോഷം പുകഞ്ഞു. കേരളത്തിന്റെ മലയോരമേഖലകളില്‍ വന്‍ പ്രതിഷേധം ഇരമ്പി. ആരുടെയും ആഹ്വാനമില്ലാതെതന്നെ പലേടത്തും ജനങ്ങള്‍ തെരുവുകളില്‍ ഇറങ്ങി. നിരവധി മേഖലകളില്‍ കടകള്‍ അടഞ്ഞുകിടന്നു. വാഹനങ്ങള്‍ ഓടിയില്ല. അക്രമത്തെ തങ്ങള്‍ അനുകൂലിക്കുന്നില്ലെന്നും സമാധാനപരമായ ജനകീയ പ്രതിഷേധമാണ് ഉന്നംവയ്ക്കുന്നതെന്നും ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഘടനകള്‍ വിശദീകരിച്ചു.

കസ്തൂരിരംഗന്‍ രംഗന്‍ റിപ്പോര്‍ട്ട് ഏകപക്ഷീയമായി നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് സംസ്ഥാനത്തു തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍.

വ്യാഴാഴ്ച രാത്രി കൊട്ടിയൂരില്‍ പോലീസിനോടും കര്‍ണാടക വനപാലകരോടും ഏറ്റുമുട്ടിക്കൊണ്ട് ആരംഭിച്ച അക്രമങ്ങള്‍ ഇന്നലെ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും അരങ്ങേറി. ജനങ്ങളെ ശാന്തരാക്കാന്‍ വിവിധ സംഘടനാ മേധാവികളും രാഷ്ട്രീയനേതാക്കളും രംഗത്തിറങ്ങേണ്ടിവന്നു. അതേസമയം, ഇടുക്കി, വയനാട് ജില്ലകളിലും മലപ്പുറത്ത് നിലമ്പൂരും ഏറനാട്ടിലും പാലക്കാട്ട് അട്ടപ്പാ ടിയിലും കിഴക്കഞ്ചേരി യിലും കോട്ടയത്തു മേലുകാവിലും എറണാകുളത്തു കുട്ടമ്പുഴയിലും ഇന്നു എല്‍ഡിഎഫ് ഹര്‍ത്താലിനു ആഹ്വാനം ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പ്രത്യാഘാതം നേരിടുന്ന ഇടുക്കിയില്‍ തിങ്കളും ചൊവ്വയും വന്‍ ജനകീയ പ്രക്ഷോഭത്തിനു ഹൈറേഞ്ച് സംരക്ഷണസമിതി തീരുമാനമെടുത്തു.