എംഡിഎംകെ നേതാവ് വൈക്കോ അറസ്റ്റില്‍; ഇന്ന് തമിഴ്‌നാട്ടില്‍ ബന്ദ്

single-img
12 November 2013

08VBG_VAIKO_524708eശ്രീലങ്കയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഭരണത്തലവന്മാരുടെ സമ്മേളനത്തില്‍ ഇന്ത്യ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് മധുരയില്‍ ട്രെയിന്‍ തടയാന്‍ ശ്രമിച്ച എംഡിഎംകെ നേതാവ് വൈക്കോയെ അറസ്റ്റു ചെയ്തു. വിദേശകാര്യമന്ത്രി സല്‍മാന്‍ ഗുര്‍ഷിദിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തെ അയക്കെരുതെന്നും ഉച്ചകോടി ഇന്ത്യ ബഹിഷ്‌ക്കരിക്കണമെന്നും ആവിശ്യപ്പെട്ട് തമിഴ്‌സംഘടനകള്‍ നടത്തുന്ന പ്രതിഷേധപരിപാടികളുടെ ഭാഗമായിരുന്നു ട്രെയിന്‍ തടയല്‍. സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമായി ഇന്ന് തമിഴ്‌നാട്ടില്‍ ബന്ദ് ആചരിക്കുകയാണ്. 21 തമിഴ്‌സംഘടനകള്‍ സംയുക്തമായാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ബന്ദ്. സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് വ്യാപാരികളും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഡിഎംകെ, അണ്ണാ ഡിഎംകെ, ബിജെപി തുടങ്ങിയ പ്രമുഖ പാര്‍ട്ടികള്‍ ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തമിഴ്‌നാട് നിയമസഭ ഇന്നു വൈകിട്ട് ആറിന് അടിയന്തര സമ്മേളനം ചേരുന്നുണ്ട്.