ഹൈയന്‍ ചുഴലിക്കാറ്റ് : ഫിലിപ്പീന്‍സില്‍ മരണം 10,000

single-img
11 November 2013

Higherഹൈയന്‍ സൂപ്പര്‍ ചുഴലിക്കൊടുങ്കാറ്റ് താണ്ഡവമാടിയ മധ്യഫിലിപ്പീന്‍സില്‍ മരിച്ചവരുടെ എണ്ണം 10,000 കവിഞ്ഞു. ലക്ഷക്കണക്കിനു കെട്ടിടങ്ങളും ഭവനങ്ങളും തകര്‍ന്നു. 4,80,000 പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. 36 പ്രവിശ്യകളിലെ 45 ലക്ഷം പേരെ ചുഴലിക്കൊടുങ്കാറ്റ് ബാധിച്ചു. ഫിലിപ്പീന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിക്ഷോഭമാണിത്. മധ്യഫിലിപ്പീന്‍സിലെ ലെയ്‌തെ പ്രവിശ്യയുടെ തലസ്ഥാനമായ ടാക്ലോബാന്‍ പൂര്‍ണമായും തകര്‍ന്നു. 2,20,000 പേര്‍ വസിക്കുന്ന നഗരത്തിന്റെ അവശിഷ്ടം മാത്രമാണ് ഇപ്പോഴുള്ളത്. സുനാമി പോലെ മൂന്നു മീറ്ററോളം ഉയര്‍ന്ന തിരമാലകളും അതിവേഗത്തിലുള്ള കൊടുങ്കാറ്റും നാശം വര്‍ധിപ്പിച്ചു. വൈദ്യുതിവിതരണം പൂര്‍ണമായും തടസപ്പെട്ടു. വീടുകളുടെ സ്ഥാനത്തു കോണ്‍ക്രീറ്റ് സ്ലാബുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. നാശത്തിന്റെ വ്യാപ്തിമൂലം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മൂന്നാംദിവസവും അവതാളത്തിലായി. മരങ്ങള്‍ വീണു റോഡ് ഗതാഗതം തടസപ്പെട്ടു കിടക്കുന്നതിനാല്‍ ഭക്ഷണവും മറ്റു ദുരിതാശ്വാസങ്ങളും എത്തിക്കാന്‍ തടസം നേരിടുകയാണ്.