ശാസ്ത്രഗവേഷണങ്ങള്‍ സമൂഹത്തിന് ഗുണകരമാകണം: മുഖ്യമന്ത്രി

single-img
5 November 2013
മനുഷ്യസമൂഹത്തിന് ഉപയുക്തമാകും വിധത്തില്‍ പ്രായോഗിക ശാസ്ത്ര ഗവേഷണവും ശുദ്ധമായ ഗവേഷണവും തമ്മിലുള്ള സന്തുലിതാവസ്ഥ പാലിക്കാന്‍ ശാസ്ത്രസമൂഹം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടക്കുന്ന നൈട്രിക് ഓക്‌സൈഡുമായി ബന്ധപ്പെട്ട രാജ്യാന്തര സിംപോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു കീഴിലുള്ള ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ബേസിക് സയന്‍സസിന്റെ സഹകരണത്തോടെ ആര്‍ജിസിബി സംഘടിപ്പിക്കുന്ന ‘ലെഗസി ഓഫ് നൈട്രിക് ഓക്‌സൈഡ് ഡിസ്‌കവറി: ഇംപാക്ട് ഓണ്‍ ഡിസീസ് ബയോളജി’ എന്ന രാജ്യാന്തര സിംപോസിയത്തില്‍  ഇന്ത്യക്കകത്തും പുറത്തും നിന്നുള്ള നൂറിലേറെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
ചുറ്റുമുള്ള ലോകത്തെപ്പറ്റി വ്യക്തമായ അറിവു പകരുന്ന ശാസ്ത്രത്തിലെ നൂതനസംരംഭങ്ങള്‍ അത്യന്തികമായ ജനങ്ങളുടെ ജീവിതത്തിനു പ്രയോജനം ചെയ്യുന്നതുമായിരിക്കണമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ശാസ്ത്രജ്ഞര്‍ക്ക് സ്വാതന്ത്ര്യമുണ്ടെങ്കില്‍ മാത്രമേ ഗവേഷണപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകുകയുള്ളു. ഇത്തരമൊരു സ്വാതന്ത്ര്യം അനുവദിക്കാന്‍ കേരള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ശാസ്ത്രസമൂഹത്തിന് തങ്ങളുടെ ഉല്‍പാദനക്ഷമത കാര്യക്ഷമമായി വിനിയോഗിക്കാനാവശ്യമായ എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള ഗവേഷകര്‍ക്കായി സംവാദത്തിന് അവസരമൊരുക്കുന്നതിനും തൊഴില്‍ നൈപുണ്യമുള്ളവരെ സൃഷ്ടിച്ചെടുക്കാനുമുള്ള ആര്‍ജിസിബിയുടെ ശ്രമങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
1980കളില്‍ നൈട്രിക് ഓക്‌സൈഡിന്റെ ജൈവപ്രവര്‍ത്തനരീതികളെപ്പറ്റിയുള്ള അത്ഭുതകരമായ കണ്ടെത്തലിനുശേഷം ഇതിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെന്ന് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ശാസ്ത്ര സാങ്കേതിക വകുപ്പ് എക്‌സ് ഒഫിഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ പ്രൊഫ. വി.എന്‍.രാജശേഖരന്‍ പിള്ള പറഞ്ഞു. ആസ്ത്മയും പക്ഷാഘാതവും പുരുഷ വന്ധ്യതയും പ്രതിരോധശേഷിയും എന്നുവേണ്ട നൈട്രിക് ഓക്‌സൈഡ് നല്ലൊരു പങ്കുവഹിക്കാത്ത ശാരീരീകാവസ്ഥകള്‍ ഒന്നുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നൈട്രിക് ഓക്‌സൈഡ് ബയോളജിയില്‍ പുതിയ ഗവേഷണാവസരങ്ങള്‍ തുറക്കാന്‍ ഈ സിംപോസിയം കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ജിസിബിയും ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റിയൂട്ടും തമ്മില്‍ കൈകോര്‍ക്കുന്ന ആദ്യ പരിപാടിയാണിതെന്നും സംസ്ഥാനത്തെ ശാസ്ത്ര സാങ്കേതിക മേഖലയുടെ ഉന്നമനത്തിനായി ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ഒന്നിച്ചു ചെയ്യാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിംപോസിയത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന നൊബേല്‍ ജേതാവ് പ്രൊഫ. ഫരീദ് മുറാദിനെ മുഖ്യമന്ത്രി പൊന്നാടയണിയിച്ചും ഉപഹാരം നല്‍കിയും ആദരിച്ചു. ആര്‍ജിസിബി ഇന്ത്യയിലെ ഡിസീസ് ബയോളജി ഗവേഷണ രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥാപനമാണെന്നും നൈട്രിക് ഓക്‌സൈഡ് ആണ് ഗവേഷണങ്ങളുടെയെല്ലാം കേന്ദ്രബിന്ദുവെന്നും ഡയറക്ടര്‍ പ്രൊഫ. എം. രാധാകൃഷ്ണപിള്ള പറഞ്ഞു. ഡീന്‍ ഡോ. സതീഷ് മുണ്ടയൂര്‍ സംസാരിച്ചു.
നൈട്രിക് ഓക്‌സൈഡുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ 1980കളില്‍ മാത്രമാണ് ആരംഭിച്ചതെങ്കിലും ഈ മേഖലയില്‍ ശാസ്ത്രസമൂഹം നടത്തിയ ശ്രദ്ധേയമായ കണ്ടെത്തലുകള്‍ ഭാവിയിലെ ചികില്‍സാ, മരുന്നു രംഗങ്ങളിലേക്ക് വലിയ സംഭാവനകളാണ് നല്‍കുന്നത്. ഈ ഗവേഷണങ്ങളെ വിശകലനം ചെയ്ത് ഇപ്പോഴുള്ള പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുകയും ഭാവി ഗവേഷണങ്ങള്‍ക്കുള്ള ആശയങ്ങള്‍ രൂപപ്പെടുത്തുകയുമാണ് സിംപോസിയത്തിന്റെ ലക്ഷ്യം.
സ്വീഡന്‍ കരോളിന്‍സ്‌ക ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫ. ജോബ് ലുന്‍ഡ്‌ബെര്‍ഗിന്റെ സെഷനോടെയാണ് സിംപോസിയത്തിന് തുടക്കമായത്.ഹൃദ്രോഗം, പ്രമേഹം എന്നിവയെ ചികിത്സിക്കുന്നതില്‍ ശരിയായി സ്വാധീനിക്കാന്‍ കഴിയുന്ന നൈട്രേറ്റിന്റെ സാന്നിദ്യം പച്ചക്കറികളിലുണ്ടെന്ന സിദ്ധാന്തം വ്യത്സ്യ ഗവേഷണങ്ങളില്‍ ഉരുത്തിരിഞ്ഞുവരുന്നതായി  അദ്ദേഹം പറഞ്ഞു.
  ബുധനാഴ്ച മെറിലാന്‍ഡ് ബാള്‍ട്ടിമോര്‍ ജോണ്‍ ഹോപ്കിന്‍സ് ആശുപത്രിയിലെ പ്രൊഫ. ആര്‍തര്‍ എല്‍. ബര്‍ണറ്റ്,  വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയിലെ പ്രൊഫ. ഫെറിക് സി ഫാംഗ്, ചെന്നൈ എയു-കെബിസി റിസര്‍ച്ച് സെന്ററിലെ ഡോ. സര്‍വ്വോ ചാറ്റര്‍ജി, ന്യൂഡല്‍ഹി എന്‍ഐഐയിലെ ഡോ. അന്നാ ജോര്‍ജ്, ബംഗളൂരു ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ പ്രൊഫ. ടി. രാമശര്‍മ എന്നിവരും സംസാരിക്കും. സിംപോസിയത്തിന്റെ രണ്ടു ദിവസങ്ങളിലും നടക്കുന്ന പോസ്റ്റര്‍ അവതരണങ്ങളില്‍ മികച്ചവയ്ക്കുള്ള സമ്മാനങ്ങള്‍ ബുധനാഴ്ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ നല്‍കും.