ഉമ്മന്‍ചാണ്ടി സപ്തതി നിറവില്‍

single-img
31 October 2013

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നു സപ്തതി നിറവില്‍ . പുതുപ്പള്ളി കാരോട്ട് വള്ളക്കാലില്‍ കെ.ഒ. ചാണ്ടിയുടെയും ബേബിയുടെയും മകനായി 1943 ഒക്ടോബര്‍ 31നു പിറന്ന ഉമ്മന്‍ചാണ്ടി മുത്തച്ഛന്റെ വഴി പിന്‍തുടര്‍ന്നാണ് രാഷ്ട്രീയത്തിലേയ്ക്ക് കടന്നു വന്നത്. പതിവുപോലെ ആള്‍ക്കുട്ടത്തിലും തിരക്കിലുമാണ് മുഖ്യമന്ത്രിയുടെ പിറന്നാള്‍ ആഘോഷം. അല്ലാതെ കൂടുതല്‍ പിറന്നാളാഘോഷങ്ങളൊന്നും തന്നെയില്ല. ഉമ്മന്‍ ചാണ്ടി ബാലജനസഖ്യത്തിലൂടെയായിരുന്നു പൊതുരംഗത്തേക്ക് പ്രവേശിച്ചത്. സഖ്യം പ്രസിഡന്‍റ് എന്ന നിലയില്‍ സംഘാടകശേഷി തെളിയിച്ചു. തുടര്‍ന്ന് കെ.എസ്.യുവിന്‍െറ നേതൃനിരയിലത്തെി. ജില്ലാ പ്രസിഡന്‍റായും തുടര്‍ന്ന് എ.കെ. ആന്‍റണി സംസ്ഥാന പ്രസിഡന്‍റായിരിക്കെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1967ല്‍ രണ്ടാം ഇ.എം.എസ് മന്ത്രിസഭയുടെ കാലത്താണ് കെ.എസ്.യു പ്രസിഡന്‍റാകുന്നത്. സംഭവബഹുലമായിരുന്നു ആ കാലഘട്ടം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റായിരിക്കെയാണ് 1970ല്‍ ആദ്യമായി നിയമസഭയിലത്തെുന്നത്. സി.പി.എമ്മിലെ സിറ്റിങ് എം.എല്‍.എ ഇ.എം. ജോര്‍ജിനെ 7288 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഉമ്മന്‍ ചാണ്ടി മണ്ഡലം പിടിച്ചെടുത്തത്. അന്നുമുതല്‍ പുതുപ്പള്ളി ഉമ്മന്‍ ചാണ്ടിക്ക് സ്വന്തം.പുതുപ്പുള്ളിയിലെ ഞായാറാഴ്ച ദര്‍ബാറുകള്‍ കുഞ്ഞൂഞ്ഞ് ഒരിക്കലും മുടക്കാറുമില്ല. ജനങ്ങളാണ് എന്റെ ശക്തി എന്നാണ് എഴുപതാം വയസിലും അദ്ദേഹത്തിന് പറയാനുള്ളത്.