ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് രംഗത്ത് രണ്ട് പുതിയ കോഴ്‌സുകളുമായി എച്ച്എല്‍എല്‍

single-img
31 October 2013
hllഎച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ വിദ്യാഭ്യാസ വിഭാഗമായ എച്ച്എല്‍എല്‍ അക്കാദമി ക്ലിനിക്കല്‍ എന്‍ജിനീയറിംഗ് ആന്‍ഡ് മാനേജ്‌മെന്റില്‍ രണ്ട് കോഴ്‌സുകള്‍ക്കു തുടക്കമിടുന്നു. ആരോഗ്യസംരക്ഷണ രംഗത്ത് ഈ മേഖല അഭിമുഖീകരിക്കുന്ന തൊഴില്‍ നൈപുണ്യമുള്ളവരുടെ അപര്യാപ്തത പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്കും ഡിപ്ലാമക്കാര്‍ക്കുമായി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സ് ഇന്‍ ക്ലിനിക്കല്‍ എന്‍ജിനീയറിംഗ് (പിജിഡിസിഇഎം), പോസ്റ്റ് ഡിപ്ലോമ കോഴ്‌സ് ഇന്‍ ക്ലിനിക്കല്‍ എന്‍ജിനീയറിംഗ് ആന്‍ഡ് മാനേജ്‌മെന്റ് (പിസിഇഎം) എന്നീ കോഴ്‌സുകളാണ് ആരംഭിക്കുന്നത്.
നിര്‍മാണം, നിര്‍മാണ വികസനം, ഗുണനിലവാര നിയന്ത്രണം, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മെഡിക്കല്‍ സേവനങ്ങള്‍ എന്നിവയുടെ മാര്‍ക്കറ്റിംഗ് തുടങ്ങിയ വിഷയങ്ങളാണ് കോഴ്‌സില്‍ ഉള്‍പ്പെടുന്നത്. വിദൂര വിദ്യാഭ്യാസ പദ്ധതിയായി നടപ്പാക്കുന്ന ക്ലിനിക്കല്‍ എന്‍ജിനീയറിംഗ് കോഴ്‌സുകള്‍ രണ്ടു സെമസ്റ്ററുകളിലായാണ് നടക്കുന്നത്. ആരോഗ്യ സ്ഥാപനങ്ങളുടെയും ഉപകരണ നിര്‍മാതാക്കളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തിലാണ് കോഴ്‌സിന്റെ പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ബയോമെഡിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, കെമിക്കല്‍, ബയോടെക്‌നോളജി എന്നിവയിലുള്ള എന്‍ജിനീയറിംഗ് ബിരുദമാണ് പിജിഡിസിഇഎം കോഴ്‌സിനുള്ള യോഗ്യത. ബയോമെഡിക്കല്‍, ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍, മെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയിലുള്ള എന്‍ജിനീയറിംഗ് ഡിപ്ലോമയാണ് പിഡിസിഇഎം കോഴ്‌സിനുള്ള യോഗ്യത. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി ഡിസംബര്‍ 15. കോഴ്‌സ് സംബന്ധിച്ച വിവരങ്ങള്‍ക്കും പ്രോസ്‌പെക്ടസിനും എച്ച്എല്‍എല്‍ അക്കാദമിയുടെ വെബ്‌സൈറ്റായ ംംം.വഹഹമരമറലാ്യ.ശി സന്ദര്‍ശിക്കുക.
ആരോഗ്യമേഖലയിലെ പല വിഭാഗങ്ങളിലും വിദഗ്ദ്ധരായ ആളുകളുടെ അഭാവമുണ്ടെന്നും ഇത്തരമൊരു സാഹചര്യത്തിലാണ് ഈ മേഖലയിലെ തങ്ങളുടെ പ്രവര്‍ത്തനപരിചയം പ്രയോജനപ്പെടുത്തി എച്ച്എല്‍എല്‍ വിദ്യാഭ്യാസ മേഖലയില്‍ ചുവടുവയ്ക്കുന്നതെന്നും എച്ച്എല്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.അയ്യപ്പന്‍ പറഞ്ഞു. മെഡിക്കല്‍ പ്രാക്ടീഷണര്‍മാരിലും  ലൈഫ് സയന്റിസ്റ്റുകളിലും ക്ലിനിക്കല്‍ എന്‍ജിനീയറിംഗിന്റെ വിവിധ മേഖലകളെപ്പറ്റി വേണ്ടത്ര അവബോധമില്ലാത്ത സാഹചര്യത്തിലാണ് ഈ ഉദ്യമം. മെഡിക്കല്‍ മാനേജ്‌മെന്റ് മേഖലയിലെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് കോഴ്‌സുകള്‍ വിഭാവനം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യസംരക്ഷണ രംഗത്തെ വിവിധ സ്ഥാപനങ്ങളിലും ഉപകരണ നിര്‍മാണശാലകളിലും തൊഴില്‍ സാധ്യതയും ഏറെയാണ്.  ആരോഗ്യസംരക്ഷണ രംഗത്തെ പ്രത്യേക വിഭാഗങ്ങളില്‍ അറിവും ഗവേഷണവും പരിശീലനവും ഉപദേശവും നല്‍കുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി എച്ച്എല്‍എല്‍ അക്കാദമിയെ മാറ്റുകയാണ് ലക്ഷ്യം. സാമൂഹ്യ വിപണനത്തിന്റെയും മികച്ച ഉല്‍പാദനരീതികളുടെയും രംഗത്ത് മികച്ച പരിപാടികളാണ് അക്കാദമി പദ്ധതിയിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ ഉപകരണങ്ങളുടെ മേഖലയില്‍ കഴിഞ്ഞ 20 വര്‍ഷമായി എച്ച്എല്‍എല്‍ സജീവമാണ്. സര്‍ക്കാരിന്റെ പിഎംഎസ്എസ്‌വൈ പരിപാടിയില്‍ കമ്പനിയും ഉള്‍പ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ആറ് എഐഐഎംഎസുകളുടെയും ഇഎസ്‌ഐ കോര്‍പ്പറേഷന്റെ മെഡിക്കല്‍ കോളജുകളുടെയും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും പ്രൊജക്ട് കണ്‍സള്‍ട്ടന്റാണ് എച്ച്എല്‍എല്‍. അതോടൊപ്പം ഇവയുടെയും എന്‍ആര്‍എച്ച്എമ്മിന്റെയും പ്രൊക്യുര്‍മെന്റ് കണ്‍സള്‍ട്ടന്റുമാണ്.
ആരോഗ്യരക്ഷാമേഖലയിലെ വിവിധ വിഭാഗങ്ങളിലായി എച്ച്എല്‍എല്ലിന് യോഗ്യരും പരിചയസമ്പന്നരുമായ 30 ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാരുമുണ്ട്. ഒരു ഉല്‍പന്നം മാത്രമുള്ള കമ്പനി എന്ന നിലയില്‍ നിന്ന് ഇപ്പോള്‍ 115 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള, ആരോഗ്യരക്ഷാരംഗത്ത് അനവധി ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന കമ്പനിയായി എച്ച്എല്‍എല്‍ മാറിക്കഴിഞ്ഞു. ഏറ്റവും നൂതനമായ ഏഴ് ഉല്‍പാദനകേന്ദ്രങ്ങളും 22 റിജ്യണല്‍ ഓഫീസുകളും ഇന്ന് കമ്പനിക്കുണ്ട്.
ഗര്‍ഭനിരോധന ഉല്‍പന്നങ്ങള്‍, ആശുപത്രി ഉല്‍പന്നങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ആയുര്‍വേദ ഉല്‍പന്നങ്ങള്‍, പ്രതിരോധ മരുന്നുകള്‍, വ്യക്തിശുചിത്വ ഉല്‍പന്നങ്ങള്‍, ഡയഗ്നോസ്റ്റിക് കിറ്റുകള്‍ തുടങ്ങി ഉല്‍പന്നങ്ങളുടെ വിശാലമായ ശ്രേണിയാണ് എച്ച്എല്‍എല്ലിന്റേത്. അതോടൊപ്പം സമാന മേഖലകളില്‍ വിപുലമായ സേവനങ്ങളും കമ്പനിക്കുണ്ട്. സമൂഹത്തിന്റെ നന്മക്കായി എല്ലാതരത്തിലുള്ള ആരോഗ്യരക്ഷാസംവിധാനങ്ങളും നല്‍കുന്ന സ്ഥാപനമായി ഇത് മാറിക്കഴിഞ്ഞു.
കമ്പനിയുടെ അടിസ്ഥാന സൗകര്യവികസന വിഭാഗം പദ്ധതികളുടെ രൂപകല്‍പന, എന്‍ജിനീയറിംഗ്, നിര്‍മാണവും നടപ്പാക്കലും തുടങ്ങിയ രംഗങ്ങളും സേവനം നല്‍കുന്നു. കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ വിവിധ കോര്‍പ്പറേഷനുകള്‍, സ്വയംഭരണസ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം എച്ച്എല്‍എല്ലിന്റെ ഇടപാടുകാരാണ്. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സൗകര്യ കൈകാര്യ സേവനങ്ങളും ഇടപാടുകാര്‍ക്കായി കമ്പനി നല്‍കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എച്ച്എല്‍എല്‍ ഹെല്‍ത്ത് കെയര്‍ വിഭാഗം ഹിന്ദ് ലാബ്‌സ് എംആര്‍ഐ സ്‌കാനിംഗ് സെന്ററുകളും സര്‍ജിക്കല്‍ ഉപകരണങ്ങളും മറ്റും കുറഞ്ഞവിലയില്‍ ലഭ്യമാക്കുന്ന ലൈഫ്‌കെയര്‍ സെന്ററുകളും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ലൈഫ് സ്പ്രിംഗ് ഹോസ്പിറ്റലുകള്‍ എന്ന പേരില്‍ ആശുപത്രികളുടെ ഒരു ശൃംഖല എച്ച്എല്‍എല്ലിനുണ്ട്. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടിലുള്ള മെഡിപാര്‍ക്കില്‍ സംയോജിത പ്രതിരോധ മരുന്ന് ഉല്‍പാദന കേന്ദ്രവും പ്രവര്‍ത്തിപ്പിക്കുന്നു.