കേരളത്തെ അറിയാന്‍ ഫ്രഞ്ച് വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കി ട്രിന്‍സ്

single-img
29 October 2013
കേരളത്തിന്റെ ജീവിതവും വിദ്യാഭ്യാസരീതികളും അടുത്തറിയാനായി ഒരു സംഘം വിദ്യാര്‍ഥികള്‍ ഫ്രാന്‍സില്‍ നിന്ന് തിരുവനന്തപുരത്തെത്തി. ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ (ട്രിന്‍സ്) സ്റ്റുഡന്റ്‌സ് എക്‌സ്‌ചേഞ്ച് പരിപാടിയുടെ ഭാഗമായിട്ടാണിത്.
പാരിസിലെ ഇക്കോള്‍ ആക്ടീവ് ബിലിംഗ് ജീനിന്‍ മാന്വല്‍ സ്‌കൂളില്‍ നിന്ന് 17 കുട്ടികളാണ് ശ്രീ ബറി ഡീസൂസയുടെ മേല്‍നോട്ടത്തില്‍ ഒക്ടോബര്‍ 20ന് ട്രിന്‍സില്‍ എത്തിയത്. ഒരാഴ്ച നീണ്ട പരിപാടിയില്‍ അവര്‍ ട്രിന്‍സിലെ ക്ലാസുകളില്‍ പങ്കെടുക്കുകയും ജൂനിയര്‍, മിഡില്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കായി ഫ്രഞ്ച് പാഠങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.
സാമൂഹ്യസേവനത്തിന്റെ ഭാഗമായി തൊട്ടടുത്ത സര്‍ക്കാര്‍ സ്‌കൂളിലെ സന്ദര്‍ശനം, രൂപയുടെ മൂല്യശോഷണം ഇന്ത്യയില്‍ സൃഷ്ടിക്കുന്ന സ്വാധീനത്തെപ്പറ്റി ചര്‍ച്ച, മലയാളത്തിലുള്ള പാഠങ്ങള്‍, കഥകളി അവതരണം എന്നിവയാണ് ഈ വിദ്യാര്‍ഥികള്‍ പങ്കെടുത്ത പ്രധാന പരിപാടികള്‍.
ട്രിന്‍സിലെ പങ്കാളിയായ വിദ്യാര്‍ഥിയുടെ വീട്ടില്‍ ഒരു ദിവസം താമസിച്ച് ഇന്ത്യന്‍ കുടുംബത്തിന്റെ ജീവിതരീതി മനസ്സിലാക്കാനും ഫ്രാന്‍സില്‍ നിന്നെത്തിയവര്‍ക്ക് അവസരമുണ്ടായിരുന്നു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ട്രിന്‍സില്‍ നടത്തിയ ഭക്ഷ്യമേളയിലും അവര്‍ സജീവമായി പങ്കെടുത്തു. അസംബ്ലിയില്‍ ഫ്രെഞ്ച് ഭാഷയിലുള്ള ഗാനവും മലയാളത്തിലുള്ള റൈമും അവതരിപ്പിച്ചു. വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച ഫ്രാന്‍സിലേക്കു മടങ്ങി.