കേരള കോണ്‍ഗ്രസിന് ഒരു ലോക്‌സഭ സീറ്റുമതി: പി.സി ജോര്‍ജ്

single-img
23 October 2013

pc-georgeനിലവില്‍ കേരള കോണ്‍ഗ്രസിന് ലോക്‌സഭയില്‍ ഒരു എംപിയാണ് ഉള്ളത്. അത്രയും മതിയെന്നാണ് തന്റെ അഭിപ്രായമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. കേരള കോണ്‍ഗ്രസിനു വേണ്ടി ഇടുക്കി, പത്തനംതിട്ട സീറ്റുകള്‍ താന്‍ പിടിച്ചുവാങ്ങാന്‍ നോക്കുന്നുവെന്ന് പ്രചാരണമുണ്‌ടെന്നും അതിനാലാണ് പി.ടി തോമസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് തന്നോട് വിരോധമെന്നും പി.സി ജോര്‍ജ് പറഞ്ഞു. താന്‍ സീറ്റുകളൊന്നും പിടിച്ചുവാങ്ങാന്‍ നോക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പരസ്യപ്രസ്താവന നടത്തുന്നതില്‍ നിന്ന് തന്നെ ആരും വിലക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പി.സി ജോര്‍ജിന്റെ അഭിപ്രായപ്രകടനം. ജനങ്ങള്‍ക്കു വേണ്ടി സേവനം ചെയ്യാന്‍ ഒരു സ്ഥാനവും വേണമെന്നില്ല. എംഎല്‍എ സ്ഥാനം മാത്രമുള്ളപ്പോള്‍ ഇതിലും ശക്തമായി താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇനിയാണെങ്കിലും അങ്ങനെ പോകും. മാണിസാര്‍ ‘ഉം’ എന്നൊന്ന് മൂളിയാല്‍ രാജിവെയ്ക്കാന്‍ താന്‍ തയാറാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.