കേരളത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ അമേരിക്കയില്‍ പ്രചരണം

single-img
23 October 2013
വിദേശ വിനോദസഞ്ചാരികളെ കൂടുതലായി കേരളത്തിലേക്കെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു പിന്നാലെ കേരള ടൂറിസം വകുപ്പ് അമേരിക്കയില്‍ പ്രചരണം നടത്തുന്നു. യുഎസ്സിലെ പ്രധാന നഗരങ്ങളില്‍ ഈ മാസം മൂന്നു റോഡ് ഷോകള്‍ സംഘടിപ്പിച്ചുകൊണ്ടാണ് അമേരിക്കന്‍ വിപണിയിലേക്ക് കേരളം പ്രവേശിക്കുന്നത്. ആദ്യ റോഡ് ഷോ തിങ്കളാഴ്ച ന്യൂയോര്‍ക്കിലും രണ്ടാമത്തേത് ചൊവ്വാഴ്ച ചിക്കാഗോയിലും നടന്നു. മൂന്നാമത്തേത് വ്യാഴാഴ്ച ലോസ് ആഞ്ചല്‍സില്‍ നടക്കും.
കേരള ടൂറിസത്തിന്റെ വിദേശ വിപണികളില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നിവയ്ക്കു പിന്നില്‍ നാലാമതായി അമേരിക്കയുണ്ടെന്ന് ടൂറിസം മന്ത്രി ശ്രീ എ.പി.അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. 2011ല്‍ അമേരിക്കയില്‍ നിന്ന് 55741 സഞ്ചാരികളെത്തിയപ്പോള്‍ കഴിഞ്ഞവര്‍ഷം അത് 57807 ആയി വര്‍ധിച്ചിരുന്നു.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ രാജ്യത്തു നിന്ന് കേരളത്തിലേക്ക് കൂടുതല്‍ സഞ്ചാരികളെത്തുന്നത് സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയുടെ വളര്‍ച്ചയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എട്ട് വ്യവസായ പ്രതിനിധികളടക്കമുള്ള കേരളത്തില്‍ നിന്നുള്ള സംഘത്തെ മന്ത്രി ശ്രീ അനില്‍കുമാറാണ് നയിക്കുന്നത്.
ആഗോളസഞ്ചാരികളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നരാണ് അമേരിക്കക്കാര്‍ എന്നതിനാലാണ് കേരളം ഈ വിപണിയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തീരുമാനിച്ചതിന്റെ കാരണമെന്ന് ശ്രീ സുമന്‍ ബില്ല പറഞ്ഞു. ‘ദൈവത്തിന്റെ സ്വന്തം നാട്ടി’ലെ പ്രധാന ആകര്‍ഷണങ്ങളെപ്പറ്റി ടൂറിസം സെക്രട്ടറി സുമന്‍ ബില്ല നടത്തിയ അവതരണമായിരുന്നു ഇതില്‍ പ്രധാനം. വേദിയില്‍  മോഹിനിയാട്ടവും അവതരിപ്പിച്ചു. അമേരിക്കയില്‍ ഇത്തരമൊരു റോഡ് ഷോ കേരള ടൂറിസം വകുപ്പ് ആദ്യമായാണ് സംഘടിപ്പിക്കുന്നത്.
വിദേശകാര്യ സഹമന്ത്രി ശ്രീമതി പ്രണീത് കൗര്‍, ന്യൂയോര്‍ക്കിലെ ഇന്‍ഡ്യന്‍ കോണ്‍സല്‍ ജനറല്‍ ശ്രീ ജ്ഞാനേശ്വര്‍ മുളേ എന്നിവര്‍ ന്യൂയോര്‍ക്കിലെ റോഡ് ഷോയില്‍ പങ്കെടുത്തു. യുഎസ്സിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ നിന്നുള്ള 58 അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.
കുമരകം ലേക്ക് റിസോര്‍ട്ട്, റാക്‌സ കളക്ടീവ്, ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, കേരള ഡോട്ട് കോം ട്രാവല്‍ ഡിവിഷന്‍, ദി ട്രാവല്‍ പ്ലാനേഴ്‌സ്, ലോട്ടസ് ഡിഎംസി പ്രൈവറ്റ് ലിമിറ്റഡ്, ഈസി ടൂര്‍സ് ഓഫ് ഇന്‍ഡ്യ, ആയുര്‍വേദമന പ്രോപ്പര്‍ട്ടീസ് എന്നിവരാണ് കേരളത്തില്‍ നിന്നു ടൂറിസം മേഖലയെ പ്രതിനിധീകരിക്കുന്നത്.
റോഡ് ഷോയുടെ ഓരോ വേദിയിലും പങ്കെടുക്കുന്നവരില്‍ നിന്ന് നറുക്കിട്ടെടുക്കുന്നവര്‍ക്ക് ഇരുവശത്തേക്കുമുള്ള ഇക്കോണമി ക്ലാസ് വിമാനടിക്കറ്റുകള്‍ എയര്‍ ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്. വിജയികള്‍ക്ക് കേരളത്തില്‍ 10 ദിവസത്തെ സൗജന്യ താമസവും ലഭിക്കും.