പരമ്പരാഗതവ്യവസായങ്ങളുടെ പുരോഗതിക്ക് നൂതനസാങ്കേതികവിദ്യകള്‍ അനിവാര്യം: മുഖ്യമന്ത്രി

single-img
22 October 2013
കയര്‍ വ്യവസായം ഉള്‍പ്പെടെയുള്ള പരമ്പരാഗത വ്യവസായങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ നൂതന സാങ്കേതികവിദ്യകള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി പറഞ്ഞു. നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റ് (എന്‍സിആര്‍എംഐ) തുടങ്ങുന്ന അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ ഓട്ടോമേറ്റഡ് മൈക്രോബിയല്‍ ക്യാരക്ടറൈസേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊണ്ടിന്റെ അഭാവം ഉള്‍പ്പെടെ കയര്‍മേഖല നേരിടുന്ന പ്രതിസന്ധികള്‍ പലതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം പ്രതിസന്ധികള്‍ തരണം ചെയ്ത് വിദേശവിപണിയില്‍ കേരളത്തിന്റെ കയര്‍ ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ഉണ്ടാക്കാന്‍ സര്‍ക്കാരും കയര്‍വകുപ്പും ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഒട്ടേറെ തൊഴിലാളികള്‍ ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നുണ്ട്. കയര്‍ വ്യവസായം വളര്‍ന്നാല്‍ മാത്രമേ അവരുടെ ജീവിതനിലവാരവും മെച്ചപ്പെടുകയുള്ളു. അതിനായി ഇത്തരം നൂതന സാങ്കേതിക വിദ്യകളുടെ സഹായം തേടേണ്ടത് അനിവാര്യമാണെന്ന് ശ്രീ ഉമ്മന്‍ചാണ്ടി പറഞ്ഞു.
കയര്‍- റവന്യു വകുപ്പ് മന്ത്രി ശ്രീ അടൂര്‍ പ്രകാശ് അധ്യക്ഷനായിരുന്നു. ചകിരിനാരിനെ കൂടുതല്‍ മൃദുവാക്കി വൈവിധ്യവല്‍ക്കരിക്കുകയാണ് ലബോറട്ടറിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കയര്‍ വ്യവസായത്തെ മാത്രമല്ല ഈ ലാബ് സഹായിക്കുക. കേരളത്തിന്റെ കാര്‍ഷികമേഖല ഉള്‍പ്പെടെ വിവിധ മേഖലകള്‍ക്ക് പ്രയോജനകരമായേക്കാവുന്ന അനവധി പരിശോധനകള്‍ ഇവിടെ സാധ്യമാകുമെന്നും അതിനുള്ള ചര്‍ച്ചകള്‍ തുടര്‍ന്നുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
കയര്‍ വ്യവസായം കൊണ്ടുണ്ടാകുന്ന പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ നൂതന സാങ്കേതിക വിദ്യകള്‍ സഹായിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ശ്രീ കെ. മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. പരമ്പരാഗത മേഖലയിലുള്‍പ്പെടെ നടക്കുന്ന ആധുനികവല്‍ക്കരണങ്ങള്‍ക്ക് ഇന്ന് സമൂഹം അനുകൂലമാണെന്നും കാലത്തിനനുസരിച്ച് ഓരോ മേഖലയിലും മാറ്റം വരുത്താന്‍ നാം തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കയര്‍ ഉല്‍പന്നങ്ങളുടെ വൈവിധ്യത്തിലും ഗുണമേന്മയിലും ലോകരാജ്യങ്ങളുമായി മല്‍സരിക്കുന്നതിനു പര്യാപ്തമായ രീതിയില്‍ കേരളത്തിലെ കയര്‍മേഖലയെ നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് എന്‍സിആര്‍എംഐക്കു കീഴില്‍ ഈ സ്ഥാപനം തുടങ്ങുന്നത്. സൂക്ഷ്മ ജൈവവ്യവസ്ഥയുടെ സവിശേഷതകള്‍ക്കനുസരിച്ചു കയറിനെ തരംതിരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ ഏറെ സമയം വേണ്ടിവരുന്ന പ്രക്രിയയാണ്. ഇതിനെ പൂര്‍ണമായും സാങ്കേതികസംവിധാനങ്ങള്‍ക്കു കീഴിലാക്കി സ്വയംപ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നൂതന സംവിധാനമാണ് ഇവിടെ ഒരുക്കുന്നത്. ആദ്യഘട്ടമായി, ഇതിനുള്ള സജ്ജീകരണങ്ങളോടുകൂടിയതും ഇത്തരത്തില്‍ ആദ്യത്തേതുമായ മൈക്രോബയോളജി ലബോറട്ടറിയാണ് സ്ഥാപിക്കുന്നത്.
കയര്‍ വികസന ഡയറക്ടര്‍ ഡോ. കെ.മാധവന്‍, ബയോമെറിയക്‌സ് ഇന്‍ഡ്യ എം.ഡി ശ്രീമതി രേഖ ഖന്ന, ഫോം മാറ്റിംഗ്‌സ് ലിമിറ്റഡ് ചെയര്‍മാന്‍ ശ്രീ സി.വേണുഗോപാലന്‍നായര്‍, എന്‍സിആര്‍എംഐ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. ഡി. ഭാനുദേവന്‍, എഫ്‌ഐസിഇഒ പ്രസിഡന്റ് ശ്രീ ജോണ്‍ ചാക്കോ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കയര്‍ വകുപ്പ് സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് സ്വാഗതവും എന്‍സിആര്‍എംഐ ഡയറക്ടര്‍ ശ്രീ കെ.ആര്‍.അനില്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് വിവിധ ഗവേഷണ കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ച് ‘സോളിഡ് ഫെയ്‌സ് ഫ്‌ളോ സൈറ്റോമെട്രി – ഇന്‍ അനലറ്റിക്കല്‍ മൈക്രോബയോളജി’, ‘ഐഡന്റിഫിക്കേഷന്‍ ആന്‍ഡ് സ്‌ട്രെയ്ന്‍ ടൈപ്പിംഗ് ഗൈഡ്‌ലൈന്‍സ്’ എന്നീ വിഷയങ്ങളില്‍ നടന്ന സെമിനാറില്‍ ഡോ. സി.കെ.പീതാംബരന്‍, ശ്രീ ബി.സുരേഷ് കുമാര്‍, ശ്രീമതി പ്രിയങ്ക സെന്‍ എന്നിവര്‍ ക്ലാസുകളെടുത്തു. എന്‍സിആര്‍എംഐ കണ്‍ട്രോളര്‍ ഓഫ് അഡ്മിനിസ്‌ട്രേഷന്‍ ശ്രീ. കെ.ശ്രീധരന്‍ നന്ദി പറഞ്ഞു.