അഴിമതിക്കേസ്: റഷീദ് മസൂദിനു രാജ്യസഭാംഗത്വം നഷ്ടമായി

single-img
22 October 2013

RasheedMasood295x200 അഴിമതിക്കേസില്‍ നാലു വര്‍ഷം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട കോണ്‍ഗ്രസ് എംപി റഷീദ് മസൂദിനു രാജ്യസഭാംഗത്വം നഷ്ടമായി. ക്രിമിനല്‍ കേസുകളില്‍ കോടതി കുറ്റക്കാരായി കണെ്ടത്തുന്നതു മുതല്‍ ജനപ്രതിനിധികള്‍ അയോഗ്യരാക്കപ്പെടുമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു രാജ്യസഭാ സെക്രട്ടേറിയറ്റിന്റെ നടപടി. ഇതു സംബന്ധിച്ച രാജ്യസഭാ ചെയര്‍മാന്‍, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ഉത്തരവ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു കൈമാറിയിട്ടുണ്ട്. സുപ്രീംകോടതിയുടെ ഉത്തരവു വന്നതിനുശേഷം അയോഗ്യനാകുന്ന ആദ്യ എംപിയാണു റഷീദ് മസൂദ്. ശിക്ഷാകാലാവധി കഴിഞ്ഞാല്‍ ആറു വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന വിലക്കാണ് അയോഗ്യനാക്കുന്നതിലൂടെ റഷീദ് മസൂദിനു നേരിടേണ്ടിവരുക. ഒഴിവു വന്ന സീറ്റ് സംബന്ധിച്ചു രാജ്യസഭാ സെക്രട്ടറി ശംഷീര്‍ കെ. ഷെരീഫ് വിജ്ഞാപനം ഇറക്കിയതായി പാര്‍ലമെന്റ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. മെഡിക്കല്‍ സീറ്റ് അഴിമതിയുമായി ബന്ധപ്പെട്ടു ഡല്‍ഹി കോടതിയാണു മസൂദിനെ നാലു വര്‍ഷം തടവിനു ശിക്ഷിച്ചത്.