Local News

കയര്‍മേഖലയുടെ നവീകരണത്തിനായി എന്‍സിആര്‍എംഐ പുതിയ കേന്ദ്രം തുറക്കുന്നു

 Oommen chandy-10നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റ് (എന്‍സിആര്‍എംഐ) തുടങ്ങുന്ന അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ ഓട്ടോമേറ്റഡ് മൈക്രോബിയല്‍ ക്യാരക്ടറൈസേഷന്റെ ഉദ്ഘാടനം 21ന് രാവിലെ ഒമ്പതിന് മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. കയര്‍ ഉല്‍പന്നങ്ങളുടെ വൈവിധ്യത്തിലും ഗുണമേന്മയിലും ലോകരാജ്യങ്ങളുമായി മല്‍സരിക്കുന്നതിനു പര്യാപ്തമായ രീതിയില്‍ കേരളത്തിലെ കയര്‍മേഖലയെ നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്ഥാപനം തുടങ്ങുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് കയര്‍മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോബയോളജിസ്റ്റുകള്‍ക്കായി രണ്ട് സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.
സൂക്ഷ്മ ജൈവവ്യവസ്ഥയുടെ സവിശേഷതകള്‍ക്കനുസരിച്ചു കയറിനെ തരംതിരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ ഏറെ സമയം വേണ്ടിവരുന്ന പ്രക്രിയയാണ്. ഇതിനെ പൂര്‍ണമായും സാങ്കേതികസംവിധാനങ്ങള്‍ക്കു കീഴിലാക്കി സ്വയംപ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നൂതന സംവിധാനമാണ് എന്‍സിആര്‍എംഐ തുടങ്ങുന്നത്. ആദ്യഘട്ടമായി ഇതിനുള്ള സജ്ജീകരണങ്ങളോടുകൂടിയതും ഇത്തരത്തില്‍ ആദ്യത്തേതുമായ മൈക്രോബയോളജി ലബോറട്ടറിയാണ് സ്ഥാപിക്കുന്നത്.
      നൂതന സംവിധാനം സംസ്ഥാനത്തെ കയര്‍ ഗവേഷണ-വ്യവസായ മേഖലകളില്‍ ഗുണപരമായ മാറ്റങ്ങള്‍ക്കു വഴിവെക്കുമെന്ന് റവന്യു, കയര്‍ മന്ത്രി ശ്രീ അടൂര്‍ പ്രകാശ് അഭിപ്രായപ്പെട്ടു. കൂടുതല്‍ ശാസ്ത്രീയമായ ഉത്പാദന രീതികള്‍ അവലംബിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് ഈ സംവിധാനം പ്രയോജനപ്രദമാകും. മെച്ചപ്പെട്ടതും ഗുണമേന്മ കൂടിയതുമായ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ അതോടെ കഴിയുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ശ്രീ അടൂര്‍ പ്രകാശിന്റെ അധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ശ്രീ. കെ.മുരളീധരന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. കയര്‍ അപ്പെക്‌സ് ബോഡി വൈസ് ചെയര്‍മാന്‍ ശ്രീ. അബ്ദുള്‍ ഗഫൂര്‍ ഹാജി, കയര്‍ വികസന ഡയറക്ടര്‍ ഡോ. കെ.മദനന്‍ , ബയോമെറിയക്‌സ് ഇന്‍ഡ്യ എം.ഡി ശ്രീമതി രേഖ ഖന്ന, കെസിഡബഌുഡബഌുഎഫ്ബി ചെയര്‍മാന്‍ ശ്രീ. എ.കെ.രാജന്‍, കെഎസ്‌സിസി ചെര്‍മാന്‍ ശ്രീ രാജേന്ദ്രപ്രസാദ്, ഫോം മാറ്റിംഗ്‌സ് ലിമിറ്റഡ് ചെയര്‍മാന്‍ ശ്രീ സി.വേണുഗോപാലന്‍നായര്‍, കയര്‍ഫെഡ് ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീ. കെ.എം.രാജു, എന്‍സിആര്‍എംഐ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. ഡി. ഭാനുദേവന്‍, എഫ്‌ഐസിഇഒ പ്രസിഡന്റ് ശ്രീ ജോണ്‍ ചാക്കോ, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ എസ് മുരുകന്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. കയര്‍ വകുപ്പ് സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് സ്വാഗതവും എന്‍സിആര്‍എംഐ ഡയറക്ടര്‍ ശ്രീ കെ.ആര്‍.അനില്‍ നന്ദിയും പറയും.
പത്തു മണിക്ക് ‘സോളിഡ് ഫെയ്‌സ് ഫ്‌ളോ സൈറ്റോമെട്രി – ഇന്‍ അനലറ്റിക്കല്‍ മൈക്രോബയോളജി’, ‘ഐഡന്റിഫിക്കേഷന്‍ ആന്‍ഡ് സ്‌ട്രെയ്ന്‍ ടൈപ്പിംഗ് ഗൈഡ്‌ലൈന്‍സ്’ എന്നീ വിഷയങ്ങളില്‍ നടക്കുന്ന സെമിനാറില്‍ ഡോ. സി.കെ.പീതാംബരന്‍, ശ്രീ ബി.സുരേഷ് കുമാര്‍, ശ്രീമതി പ്രിയങ്ക സെന്‍ എന്നിവര്‍ ക്ലാസുകളെടുക്കും. എന്‍സിആര്‍എംഐ കണ്‍ട്രോളര്‍ ഓഫ് അഡ്മിനിസ്‌ട്രേഷന്‍ ശ്രീ. കെ.ശ്രീധരന്‍ നന്ദി പറയും.