കനത്ത പോലീസ് കാവലില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി തുടങ്ങി

single-img
17 October 2013

oommen-chandy_53സംസ്ഥാനത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാംഘട്ട ജനസമ്പര്‍ക്ക പരിപാടി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തുടങ്ങി. മുഖ്യമന്ത്രിയെ തടയുമെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്. തലസ്ഥാന നഗരം മുഴുവന്‍ പോലീസ് നിരീക്ഷണത്തിലാണ്. മുഖ്യമന്ത്രിയെ തടയാന്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ എത്തിയ എല്‍ഡിഎഫ് നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് തടഞ്ഞു. എംഎല്‍എമാരായ വി.ശിവന്‍കുട്ടി, കോലിയക്കോട് കൃഷ്ണന്‍നായര്‍, എ.സമ്പത്ത് എംപി തുടങ്ങിയ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കോലിയക്കോട് കൃഷ്ണന്‍നായരെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി.

രാവിലെ 8.30 ഓടെ മുഖ്യമന്ത്രി സെക്രട്ടറിയേറ്റിലെത്തിയിരുന്നു. തുടര്‍ന്ന് മന്ത്രിമാരായ കെ.സി.ജോസഫ്, വി.എസ്.ശിവകുമാര്‍, ശശി തരൂര്‍ എംപി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരോടൊപ്പമാണ് മുഖ്യമന്ത്രി സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തിയത്. ജനസമ്പര്‍ക്ക പരിപാടി നടത്തുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിന് പരിസരത്ത് കനത്ത പോലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരാതികളുമായി മുഖ്യമന്ത്രിയെ കാണാനെത്തിയവരെ പരിശോധിച്ച ശേഷം മാത്രമാണ് സ്റ്റേഡിയത്തിനുള്ളിലേക്കു കടത്തിവിട്ടത്.