കൊച്ചി മെട്രോ: തൊഴിലാളികളുടെ വേതന പ്രശ്‌നം പരിഹരിച്ചു

single-img
17 October 2013

KI13METRORAIL2ED_1142566fകൊച്ചി മെട്രോയുടെ ആദ്യ രണ്ട് റീച്ചുകളിലെ നിര്‍മാണതൊഴിലാളികളുടെ വേതനം വൈകുന്നതു സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി. രണ്ടു റീച്ചുകളിലെ കരാര്‍ എടുത്തിട്ടുള്ള എല്‍ആന്‍ഡ്ടിയും സബ് കോണ്‍ട്രാക്ടര്‍മാരായ ജിന്‍ഡാല്‍, ബിമ കമ്പനികളും 48 തൊഴിലാളികള്‍ക്കു വേതനം നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്നായിരുന്നു ആക്ഷേപം. ഐഎന്‍ടിയുസി, സിഐടിയു യൂണിയനുകള്‍ പ്രശ്‌നം ഉയര്‍ത്തിക്കാട്ടിയതിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്. കുടിശികയുണ്ടായിരുന്ന വേതനം വ്യാഴാഴ്ച ഉച്ചയ്ക്കു വിതരണം ചെയ്തു. ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് കരാറുകാര്‍ അറിയിച്ചതായും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. അതേസമയം മെട്രോ റെയില്‍ തൂണുകള്‍ക്കായുള്ള പൈല്‍ ക്യാപ് സ്ഥാപിക്കുന്ന ജോലികളില്‍ പ്രാദേശിക തൊഴിലാളികളെ പങ്കെടുപ്പിക്കുന്നില്ലെന്ന ആക്ഷേപം ഇനിയും പരിഹരിച്ചിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ ഇന്നു കരാറുകാരുമായി നടത്തുമെന്ന് ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി കെ.പി. ഹരിദാസ് പറഞ്ഞു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ പണി തടസപ്പെടുത്തിക്കൊണ്ടുള്ള സമരം നടത്തേണ്ടിവരുമെന്ന് കെട്ടിട നിര്‍മാണ തൊഴിലാളി യൂണിയന്‍ (സിഐടിയു) ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. മനോജ് മുന്നറിയിപ്പു നല്‍കി. ഇക്കാര്യം കരാറുകാരെ അറിച്ചിട്ടുണെ്ടന്നും അദ്ദേഹം പറഞ്ഞു.