സ്തനാര്‍ബുദത്തിനെതിരെ ജോയ് ആലൂക്കാസിന്റെ ബോധവല്‍ക്കരണപരിപാടി ഇന്ത്യയിലേക്ക്

single-img
17 October 2013
സ്തനാര്‍ബുദത്തിനെതിരെയുള്ള പ്രവര്‍ത്തനം ശക്തമാക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമുള്ള ‘ജോയ്ആലുക്കാസ് തിങ്ക് പിങ്ക്’ പരിപാടിക്ക് ഇന്ത്യയിലും തുടക്കമായി. ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ സാമൂഹ്യപ്രതിബദ്ധതാ പരിപാടിയുടെ (സിഎസ്ആര്‍)’ ഭാഗമായി കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയുമായി ചേര്‍ന്നു നടത്തുന്ന പരിപാടിയുടെ വിഷയം ഈ രോഗത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ‘പിങ്ക് പ്രതിജ്ഞ എടുക്കുക’ എന്നതാണ്. 
 
പാവപ്പെട്ട രോഗികളെ കാന്‍സര്‍ ചികില്‍സയില്‍ സഹായിക്കുന്നതിനും എല്ലാവിഭാഗമാളുകളേയും ഈ രോഗത്തെപ്പറ്റി ബോധ്യമുള്ളവരാക്കുന്നതിനും വേണ്ടി ജോയ്ആലുക്കാസ് ഗ്രൂപ്പ് നടത്തുന്ന ‘തിങ്ക് പിങ്ക്’ പ്രചരണത്തിന് നേതൃത്വം നല്‍കുന്നത് പ്രശസ്ത അര്‍ബുദചികില്‍സാ വിദഗദ്ധനായ ഡോ. വി.പി ഗംഗാധരനാണ്. 
 
സ്തനാര്‍ബുദത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനും ഇതിനെതിരെ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുമായി ലോകവ്യാപകമായി ഒക്ടോബര്‍ മാസത്തില്‍ വിപുലമായ പരിപാടികള്‍ നടത്താറുണ്ട്. ഇതിന്റെ ഭാഗമായി 2011 ഒക്ടോബറില്‍ ജോയ്ആലുക്കാസ് യുഎഇയില്‍ ‘തിങ്ക് പിങ്ക്’ പരിപാടി ആരംഭിച്ചു. ഗ്രൂപ്പിന്റെ സാമൂഹ്യപ്രതിബദ്ധതാ പദ്ധതിയില്‍ ഏറ്റവും പ്രധാനപ്പെട്ട ഈ പരിപാടി ദുബായ് ഹെല്‍ത്ത് അതോറിട്ടിയുടെയും അവിടുത്തെ പ്രമുഖ ആശുപത്രി ശൃംഖലയുടെയും പിന്തുണയോടെയാണ് നടപ്പാക്കുന്നത്. വിവിധ പ്രവര്‍ത്തനങ്ങളിലൂടെ സ്തനാര്‍ബുദം തിരിച്ചറിയുന്നതിനും സുരക്ഷാമാര്‍ഗങ്ങള്‍ തേടുന്നതിനും സമൂഹത്തെ പ്രാപ്തമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. 
 
ഇന്ത്യയിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കാനായതില്‍ കൊച്ചി കാന്‍സര്‍ സൊസൈറ്റിയോടും ഡോ. ഗംഗാധരനോടും തങ്ങള്‍ കടപ്പെട്ടിരിക്കുന്നെന്നും ഈ മാരകരോഗത്തിനെതിരെ ഇന്ത്യയിലെ സ്ത്രീകളെ ജാഗരൂകരാക്കാന്‍ ഈ പ്രചരണത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്നും ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു. ഡോ. വി.പി.ഗംഗാധരന്‍,കൊച്ചി ഡെപ്യൂട്ടി മേയര്‍ ബി ഭദ്ര തുടങ്ങി നിരവധി വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ പിങ്ക് ബലൂണുകള്‍ പറത്തിവിട്ടുകൊണ്ട് ഒക്ടോബര്‍ 16ന് ഇന്ത്യയിലെ  പദ്ധതിക്കു പ്രതീകാത്മകമായി തുടക്കമിട്ടു.  
 
ഈ സാമൂഹ്യപ്രതിബദ്ധതാ പരിപാടിയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ റോഡ് ഷോ, സൗജന്യ രോഗപരിശോധന ക്യാംപുകള്‍ തുടങ്ങിയവ നടത്തുകയും ജോയ്ആലുക്കാസ് ഷോറൂമുകള്‍ വഴിയും മറ്റുമായി പ്രത്യേക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും. സ്വയം രോഗനിര്‍ണയം നടത്താനുള്ള മാര്‍ഗങ്ങള്‍, രോഗത്തിന്റെ പ്രധാന കാരണങ്ങളും ലക്ഷണങ്ങളും, ഈ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന ഫീച്ചറുകളും പ്രമുഖരുടെ വാക്കുകളും എല്ലാമടങ്ങിയ ജോയ്ആലുക്കാസ് തിങ്ക് പിങ്ക് ബുക്‌ലെറ്റ് വിതരണം ചെയ്യും. സര്‍വ്വകലാശാലകളില്‍ ഒക്ടോബര്‍ മാസത്തില്‍ ഓറിയന്റേഷന്‍ പരിപാടികള്‍ നടത്താനും പദ്ധതിയിടുന്നുണ്ട്. പരിപാടിയുടെ ഭാഗമായി ചില ശസ്ത്രക്രിയകള്‍ക്ക് സാമ്പത്തികസഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. 
 
സ്തനാര്‍ബുദമാണ് കേരളത്തിലെ സ്ത്രീകളില്‍ ഏറ്റവുമധികം കാണപ്പെടുന്ന അര്‍ബുദമെന്നും ഇതിന്റെ തോത് വര്‍ധിച്ചുവരികയാണെന്നും ഡോ. വി.പി.ഗംഗാധരന്‍ പറഞ്ഞു. ചികില്‍സതേടിയെത്തുന്ന അര്‍ബുദ ബാധിതരായ സ്ത്രീകളില്‍ മൂന്നിലൊരാള്‍ക്ക് സ്തനാര്‍ബുദമാണ്. ഇത് ഒരുപരിധിവരെ തടയാനാകുന്ന രോഗമാണെന്നും സ്വയം നടത്തുന്ന പരിശോധനയിലൂടെയും മാമോഗ്രാമിലൂടെയും നേരത്തേതന്നെ രോഗസാന്നിധ്യം തിരിച്ചറിയനാകുമെന്നും സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. 
 
സ്തനാര്‍ബുദം തുടക്കത്തില്‍തന്നെ കണ്ടെത്താനുള്ള ചെലവുകുറഞ്ഞതും എളുപ്പവുമായ മാര്‍ഗമാണ് സ്വയംനിര്‍ണയിക്കല്‍. തുടക്കത്തില്‍തന്നെ രോഗം കണ്ടെത്തിയാല്‍ ചികില്‍സിച്ചു ഭേദമാക്കാനും സ്തനം മുറിച്ചുമാറ്റാതെ സംരക്ഷിക്കാനും കഴിയും. തുടക്കത്തിലേ രോഗം കണ്ടെത്തുകയെന്നതാണ് പ്രധാനം. ഇക്കാര്യങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് ഒക്ടോബര്‍ മാസം സ്തനാര്‍ബുദ മാസമായി പ്രഖ്യാപിച്ചിരിക്കുന്നതെന്നും അതിനുവേണ്ടിയാണ് തങ്ങള്‍ കൈകോര്‍ക്കുന്നതെന്നും ഡോ. ഗംഗാധരന്‍ വിശദമാക്കി. 
 
സ്തനാര്‍ബുദത്തെപ്പറ്റി ഉയരുന്ന സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും വ്യക്തമായ ഉത്തരം സ്ത്രീകള്‍ക്കു ലഭ്യമാക്കാനുതകുംവിധത്തിലാണ് ‘ജോയ്ആലുക്കാസ് തിങ്ക് പിങ്കി’നു കീഴില്‍ റോഡ് ഷോകള്‍ സംഘടിപ്പിക്കുക. പ്രമുഖ റേഡിയോകളുമായി ചേര്‍ന്ന് ആളുകളുമായി സംവദിക്കാനും അവരുടെ ഇതുമായി ബന്ധപ്പെട്ട കഥകള്‍ പങ്കുവയ്ക്കാനും തല്‍സമയ പരിപാടികളും സംഘടിപ്പിക്കും.