രത്തന്‍ഗഢ് അപകടം: മരണം 115 ആയി

single-img
13 October 2013

650xമധ്യപ്രദേശിലെ ദാട്ടിയയിലുള്ള രതന്‍ഗഡ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 115 പേര്‍ കൊല്ലപ്പെട്ടു. 100ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദുര്‍ഗപൂജയോടനുബന്ധിച്ച് അനിയന്ത്രിതമായ ഭക്തജനത്തിരക്കുണ്ടായതാണ് അപകടത്തിനു കാരണം. ആളുകളെ നിയന്ത്രിക്കുന്നതിനിടെ പോലിസ് ലാത്തിച്ചാര്‍ജ്ജിനു തുനിഞ്ഞതാണ് തിക്കുതിരക്കുമുണ്ടാകാന്‍ കാരണം.മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മരിച്ചവരില്‍ 31 സ്ത്രീകളും 30 കുട്ടികളും ഉള്‍പ്പെടുന്നു. സംഭവത്തെക്കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

ദുര്‍ഗാപൂജയ്ക്ക് പേരുകേട്ട ക്ഷേത്രമാണ് രത്തന്‍ഗഢ് ക്ഷേത്രം. അഞ്ചലക്ഷത്തോളം വിശ്വാസികളാണ് ക്ഷേത്രത്തില്‍ തടിച്ചുകൂടിയത്. സിന്ധുനദിക്ക് കുറുകെയുള്ള പാലം കടന്നുവേണം ക്ഷേത്രത്തിലേയ്‌ക്കെത്താന്‍ . പാലത്തിലുണ്ടായ തിരക്കില്‍പ്പെട്ട് നിരവധിപേര്‍ നദിയിലേക്ക് വീണു. ഈസമയത്ത് പാലത്തില്‍ 25,000 പേരുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും അനുശോചിച്ചു. സംഭവത്തില്‍ സോണിയ ഗാന്ധി നടുക്കം രേഖപ്പെടുത്തി. എഐസിസി പുറത്തിറക്കിയ പ്രസ്താവനയിലാണ് സോണിയ ഗാന്ധി അനുശോചനം അറിയിച്ചത്.അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് വേണ്ട ചികിത്സ ഉറപ്പു വരുത്തിയതായി സോണിയ പ്രസ്താവനയില്‍ അറിയിച്ചു.