മുഷാറഫിനെ രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു

single-img
12 October 2013

Pervez-Musharraf_2aലാല്‍ മസ്ജിദ് കേസില്‍ വെള്ളിയാഴ്ച അറസ്റ്റിലായ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷാറഫിനെ രണ്ടാഴ്ചത്തേക്ക് ജുഡീഷല്‍ കസ്റ്റഡിയിലേക്കു റിമാന്‍ഡു ചെയ്തു. കേസ് ഇനി 25നു പരിഗണിക്കും. പോലീസ്‌കസ്റ്റഡിയില്‍ വിടണമെന്ന ആവശ്യം മജിസ്‌ട്രേറ്റ് നിരാകരിച്ചു. അക്ബര്‍ ബുഗ്തി വധം, ബേനസീര്‍ വധം ഉള്‍പ്പെടെയുള്ള പ്രമുഖ കേസുകളില്‍ ജാമ്യം കിട്ടിയ മുഷാറഫ് രാജ്യം വിട്ടേക്കുമെന്ന് അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച അദ്ദേഹത്തെ ലാല്‍ മസ്ജിദ് കേസില്‍ അറസ്റ്റു ചെയ്തത്. ഇസ്‌ലാമാബാദിലെ ലാല്‍ മസ്ജിദില്‍ തമ്പടിച്ച താലിബാന്‍ അനുഭാവികളെ തുരത്താന്‍ 2007ല്‍ മുഷാറഫിന്റെ ഉത്തരവു പ്രകാരം സൈന്യം നടത്തിയ ആക്രമണത്തില്‍ നൂറോളം പേര്‍ക്കു ജീവഹാനി നേരിടുകയുണ്ടായി. മസ്ജിദിലെ മുഖ്യ പുരോഹിതന്‍ അബ്ദുള്‍ റഷീദും സൈനിക നടപടിയില്‍ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ പുത്രന്റെ പരാതിയെത്തുടര്‍ന്ന് ഈയിടെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുഷാറഫിനെ അറസ്റ്റു ചെയ്തത്. വിദേശയാത്ര വിലക്കിയിട്ടുള്ള വ്യക്തികളുടെ പട്ടികയില്‍ മുഷാറഫിനെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇസ്‌ലാമാബാദ് ഹൈക്കോടതിയില്‍ മറ്റൊരു ഹര്‍ജികൂടി സമര്‍പ്പിച്ചെങ്കിലും കോടതി ഇതു നിരാകരിച്ചു.