ഇടുക്കി ഗോള്‍ഡ്; ഒരുചെറിയ, ബോറടിപ്പിക്കാത്ത ആഷിക്അബു ചിത്രം

single-img
11 October 2013

Idukki-Gold

ക്ലാസ്‌മേറ്റ് എന്ന ചിത്രം മലയാളത്തിലെ എക്കാലത്തേയും ട്രെന്റ്‌സെറ്ററായാണ് അറിയപ്പെടുന്നത്. കാരണം അതിനുള്ളില്‍ ഭദ്രമായി അടച്ച് വിതരണം ചെയ്ത നൊസ്റ്റാള്‍ജിയ തന്നെ. ആ ഒരു ഗണത്തില്‍ അതിനുശേഷം ലാസ്റ്റ് ബഞ്ച് പോലുള്ള ഒത്തിരി ചിത്രങ്ങള്‍ പിറന്നു. പക്ഷേ ഒന്നും പ്രസ്തുത സിനിമയുടെ അടുത്തെത്തിയില്ല.

ആ ഒരു ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് ആഷിക് അബുവിന്റെ ഇടുക്കി ഗോള്‍ഡും. സന്തോഷ് എച്ചിക്കാനത്തിന്റെ ിതേപേരിലുള്ള കഥയാണ് സിനിമയായിരിക്കുന്നത്. അഞ്ച് കൂട്ടുകാര്‍ വര്‍ത്തമാനകാലത്തില്‍ നിന്നും തങ്ങളുടെ സ്‌കൂള്‍ ജീവിതത്തിന്റ ഭൂതകാലമന്വേഷിച്ചുള്ള തിരിഞ്ഞു നടക്കലാണ് ചിത്രത്തിന്റെ പ്രമേയം.

ഇടുക്കിയില്‍ നിന്നും വിദേശികളുടെ ഇടയില്‍ പേരുകേട്ട കഞ്ചാവാണ് ഇടുക്കി ഗോള്‍ഡ്. കുട്ടിക്കാലത്ത് ബോര്‍ഡിംഗ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇവര്‍ ഉപയോഗിച്ചിരുന്ന ഈ സാധനത്തിലൂടെ തങ്ങളുടെ ഗൃഹാതുരത്വ ഓര്‍മ്മകളിലേക്കൊരു തിരിച്ചുപോക്കും, അതിനോടനുബന്ധിച്ച് പണ്ട് ഓര്‍മ്മയില്‍ മുങ്ങിപ്പോയ ചിലസംഭവങ്ങളുടെ പൊടിതട്ടിയെടുക്കലുമാണ് സന്തോഷ് എച്ചിക്കാനവും ആഷിക് അബുവും കൂടി ചേര്‍ന്ന് പറയുന്നത്. പഴയ കൂട്ടുകാരായി മണിയന്‍പിള്ള രാജു, വിജയരാഘവന്‍, ബാബു ആന്റണി, പ്രതാപ് പോത്തന്‍, രവീന്ദ്രന്‍ എന്നിവരാണഭിനയിക്കുന്നത്. ഒരു അപ്രതീക്ഷിത വേഷത്തില്‍ ലാലും ചിത്രത്തിലുണ്ട്.

ഏതൊരു മുന്തിയ മദ്യത്തേക്കാളും കഞ്ചാവിനേക്കാളും ലഹരിയുണ്ട് സൃഹൃദ് ബന്ധത്തിന് എന്ന സന്ദേശമാണ് കഥാകൃത്ത് ഇടുക്കി ഗാള്‍ഡിലൂടെ പറഞ്ഞിരിക്കുന്നത്. ഒരു കഥ അല്ലെങ്കില്‍ നോവല്‍ സിനിമയാകുമ്പോള്‍ പറഞ്ഞു കേള്‍ക്കുന്ന പ്രശ്‌നമാണ് മൂല്യകൃതിയോട് നീതിപുലര്‍ത്തിയില്ല എന്നത്. പക്ഷേ ഇവിടെ ആ ഒരു ചിന്തയ്ക്ക് പ്രസക്തിയില്ല. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു രംഗഭാഷ്യമൊരുക്കാന്‍ ആഷിക്കിന്റെ സ്ഥിരം തിരക്കഥാകൃത്തുക്കള്‍ക്ക് സാധിച്ചിരിക്കുന്നു. അതുപോലെ എടുത്തു പറയേണ്ടത്, ഇടുക്കിയുടെ മനോഹാരിത വളരെ നന്നായി ക്യാമറയില്‍ ഒപ്പിയെടുത്ത ഷൈജു ഖാലിദ്, സംഗീതം നല്‍കിയ ബിജി പാല്‍ എന്നിവരേയാണ്.

അഭിനയത്തില്‍ മണിയന്‍പിള്ള രാജുവും രവീന്ദ്രനും മികച്ചുനില്‍ക്കുന്നു. എന്നുകരുതി മുറ്റുള്ളവര്‍ മോശമാണെന്നുള്ളതല്ല പറയുന്നത്. പ്രത്യേകിച്ചും രവീന്ദ്രന്റെ കോമഡി കയ്യടി നേടുന്നുണ്ട്. ക്ലൈമാക്‌സില്‍ ലാലിന്റെ കഥാപാത്രം പ്രേക്ഷകരില്‍ ചെറുതല്ലാത്ത പിരിമുറുക്കം സൃഷ്ടിക്കുന്നു എന്നുള്ളത് ശ്രദ്ധേയമാണ്. നടിമാരില്‍ സജിതാ മഠത്തിനും പ്രസീദയ്ക്കും വളരെ ചെറിയ വേഷങ്ങളെയുള്ളൂ.

സമാധാനത്തില്‍ പോകുന്ന ഒതുക്കമുള്ള കണ്ടുകൊണ്ടിരിക്കാന്‍ രസമുള്ള ഒരുകൊച്ചു ചിത്രം- ഇപ്പോള്‍ മലയാളികളെ സംബന്ധിച്ച് ഇതൊക്കെ വലിയ കാര്യമാണ്. അതുകൊണ്ട് ധൈര്യമായിപോയി കാണാം. കുറച്ചു ന്യൂജനറേഷന്‍ മിന്നിമറയില്‍ ഉണ്ടെങ്കിലും അതൊന്നും പ്രേക്ഷകരുടെ ആസ്വാദനത്തെ ബാധിക്കുകയില്ല.