സോളാര്‍: ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ചു

single-img
10 October 2013

Kerala Chief Minister Oommen Chandy meet E. Ahmedസംസ്ഥാനത്ത് വിവാദമായ സോളാര്‍ വിഷയത്തില്‍ നിയമസഭയ്ക്കകത്തും പുറത്തും ഉന്നയിക്കപ്പെട്ടിട്ടുള്ള എല്ലാ ആരോപണങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി സോളാര്‍ കേസിലെ ജുഡീഷല്‍ അന്വേഷണത്തിന്റെ പരിഗണനാവിഷയങ്ങള്‍ നിശ്ചയിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണു പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചത്. സോളാര്‍ തട്ടിപ്പിലും അനുബന്ധ സാമ്പത്തിക ഇടപാടുകളിലും ഉള്‍പ്പെട്ടിട്ടുള്ളവരുമായി ബന്ധപ്പെട്ട് 2006 മുതല്‍ ഉയര്‍ന്നുവന്നിട്ടുള്ള എല്ലാ പരാതികളും അന്വേഷണത്തിന്റെ പരിധിയില്‍ വരും. എന്നാല്‍, മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും നേരിട്ടു പരിഗണനാ വിഷയങ്ങളില്‍ പെടുത്തിയിട്ടില്ല. സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും ഓഫീസുമെല്ലാം ഇതില്‍പ്പെടുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിയമസഭയ്ക്കകത്തും പുറത്തും പ്രതികളെ കേന്ദ്രീകരിച്ചായിരുന്നില്ലല്ലോ ആരോപണങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളാര്‍ ഇടപാടില്‍ സര്‍ക്കാരിനു സാമ്പത്തിക നഷ്ടമുണ്ടായിട്ടുണേ്ടാ, പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ ആര്‍ക്കെങ്കിലും വീഴ്ച ഉണ്ടായിട്ടുണേ്ടാ, ജനങ്ങളെ ഇത്തരത്തില്‍ വഞ്ചിക്കുന്നതു തടയാന്‍ നിലവിലുള്ള നിയമങ്ങളും സംവിധാനങ്ങളും പര്യാപ്തമാണോ തുടങ്ങിയ വിഷയങ്ങളും അന്വേഷണ പരിധിയില്‍പ്പെടും.

സിറ്റിംഗ് ജഡ്ജിയെ ആവശ്യപ്പെട്ടു കൊണ്ടുള്ള സര്‍ക്കാരിന്റെ രണ്ടാമത്തെ കത്തിനു ഹൈക്കോടതിയില്‍നിന്ന് ഇതുവരെ മറുപടി കിട്ടിയിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ഒരാഴ്ചയ്ക്കകം തീരുമാനം അറിയിക്കുമെന്നാണു പ്രതീക്ഷ.

നിശ്ചയിച്ചിട്ടുള്ള പരിഗണനാ വിഷയങ്ങള്‍ ഇവയാണ്

1. സോളാര്‍ തട്ടിപ്പ്, അനുബന്ധ സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ചു കേരള നിയമസഭയ്ക്കുള്ളിലും പുറത്തും ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങളില്‍ എന്തെങ്കിലും അടിസ്ഥാനമുണേ്ടാ? ഉണെ്ടങ്കില്‍ എന്താണ്? ആരൊക്കെയാണ് അതിന് ഉത്തരവാദികള്‍?

2. പ്രസ്തുത ആരോപണങ്ങളില്‍ ഉള്‍പ്പെട്ട ഇടപാടുകളുമായി ബന്ധപ്പെട്ടു സര്‍ക്കാരിന് എന്തെങ്കിലും സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണേ്ടാ? സംഭവിച്ചിട്ടുണെ്ടങ്കില്‍ എത്രയാണ്? ഇത് ഒഴിവാക്കാമായിരുന്നോ? അതിന്റെ ഉത്തരവാദിത്വം ആര്‍ക്കൊക്കെയാണ്?

3. മുകളില്‍ പരാമര്‍ശിച്ചിട്ടുള്ള ആരോപണങ്ങളില്‍ ഉള്‍പ്പെട്ട കമ്പനിക്കോ വ്യക്തികള്‍ക്കോ നിയമവിരുദ്ധമായി സര്‍ക്കാര്‍ വക വര്‍ക്ക് ഓര്‍ഡറുകളോ മറ്റെന്തെങ്കിലും ഉത്തരവുകള്‍ പുറപ്പെടുവിക്കുകയോ ഉണ്ടായിട്ടുണേ്ടാ? ഉണ്ടായിട്ടുണെ്ടങ്കില്‍ ആ വകയില്‍ സര്‍ക്കാരിന് എന്തെങ്കിലും സാമ്പത്തിക നഷ്ടമുണേ്ടാ? ഉണെ്ടങ്കില്‍ അതെത്ര? ഇത് ഒഴ ിവാക്കാമായിരുന്നോ? ആരൊക്കെയാണ് അതിന് ഉത്തരവാദികള്‍?

4. സോളാര്‍ തട്ടിപ്പിലും അനുബന്ധ സാമ്പത്തിക ഇടപാടുകളിലും ഉള്‍പ്പെട്ടിട്ടുള്ളവരുമായി ബന്ധപ്പെട്ട് 2006 കാലഘട്ടംമുതല്‍ ഇതുവരെ ഉയര്‍ന്നുവന്നിട്ടുള്ള പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണേ്ടാ? ഉണ്ടായിട്ടുണെ്ടങ്കില്‍ അവയ്ക്കുള്ള ഉത്തരവാദികള്‍ ആരൊക്കെയാണ്?

5. തെറ്റായ വാഗ്ദാനം നല്‍കി ജനങ്ങളെ വ്യാപകമായി വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്യുന്നതു തടയാനും അവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കാനും ഇന്നു നിലവിലുള്ള നിയമങ്ങളും സംവിധാനങ്ങളും പര്യാപ്തമാണോ? ഇല്ലെങ്കില്‍ ഇത്തരം കബളിപ്പിക്കലും വഞ്ചനയും ഇല്ലാതാക്കന്‍ ശക്തമായ നിയമനിര്‍മാണവും ഉചിതമായ മറ്റു നടപടികളും സ്വീകരിക്കുന്നതിലേക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ എന്തൊക്കെ?

6. മേല്‍ പരാമര്‍ശിച്ചിട്ടുള്ളതുപോലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്കു വിധേയരാകുന്നവര്‍ക്കു നഷ്ടപ്പെട്ട തുക തിരിച്ചു കിട്ടുന്നതിനു സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍.