സൂര്യാസ്തമയം…

single-img
10 October 2013

ചിലപ്പോഴൊക്കെ കാലം ചിലത് കാത്തുവച്ചിട്ടുണ്ട്. അത് സന്തോഷമാകാം, സങ്കടമാകാം. ഒരുപക്ഷേ 2013 ലെ ഒനവംബര്‍ അറിയപ്പെടുന്നത് ഈ ഒരു നഷ്ടത്തിന്റെ പേരിലായിരിക്കും. ആധുനിക ലോകത്തിലെ ഏറ്റവും പ്രതിഭാധനനായ ക്രിക്കറ്റര്‍ സച്ചിന്‍ രമേശ് തെണ്ടുല്‍ക്കര്‍ പ്രഫഷണല്‍ ക്രിക്കറ്റില്‍നിന്നുള്ള വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു. വെസ്റ്റിന്‍ഡീസിനെതിരേ നവംബറില്‍ ഇന്ത്യയില്‍ നടക്കുന്ന രണ്ടു ടെസ്റ്റുകളുള്ള പരമ്പരയോടെ നാല്‍പ്പതുകാരനായ സച്ചിന്‍ ബാറ്റ് ഉപേക്ഷിക്കും. ഇരുന്നൂറാം ടെസ്റ്റില്‍ ആ മഹത്തായ ഇന്നിംഗ്‌സിനു പൂര്‍ണ വിരാമമാകും. ക്രിക്കറ്റ് ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായി മാറുന്ന ആ ടെസ്റ്റ് സച്ചിന്റെ ജന്മനാടായ മുംബൈയില്‍ത്തന്നെ നടക്കാനാണു സാധ്യത.

രണ്ടര പതിറ്റാണേ്ടാളം മൈതാനങ്ങളിലെല്ലാം ഇന്ത്യയുടെ പ്രചോദനമായി നിലകൊണ്ട സച്ചിന്‍ വിരമിക്കാനുള്ള തീരുമാനം വെറും 145 വാക്കുകളുള്ള ഒരു കത്തിലൂടെ ബിസിസിഐ അധ്യക്ഷന്‍ എന്‍.ശ്രീനിവാസനെ അറിയിക്കുകയായിരുന്നു, തന്റെ പേരില്‍ തീരുമാനം പരസ്യപ്പെടുത്തണമെന്ന അഭ്യര്‍ഥനയോടെ. ഇന്ത്യക്കുവേണ്ടി ക്രിക്കറ്റ് കളിക്കുകയെന്നതു തന്റെ ജീവിതത്തിലെ എന്നത്തേയും വലിയ സ്വപ്നമായിരുന്നുവെന്നും 24 വര്‍ഷമായി ഓരോ ദിവസവും ആ സ്വപ്നത്തിലായിരുന്നു താന്‍ ജീവിച്ചിരുന്നതെന്നും പറഞ്ഞു തുടങ്ങുന്നതാണ് ആ കത്ത്.

സച്ചിന്‍ വിരമിക്കണമെന്നും തുടരണമെന്നുമുള്ള വാദഗതികള്‍ സജീവമാകുന്നതിനിടെയിലാണ് അപ്രതീക്ഷിതമായി വിരമിക്കല്‍ തീരുമാനം പുറത്തുവന്നത്. ഞായറാഴ്ച നടന്ന ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20യില്‍ മുംബൈ ഇന്ത്യന്‍സിനെ കിരീടജേതാക്കളാക്കിയ ശേഷമാണ് ആ പടിയിറക്കം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15 റണ്‍സ് നേടി ഷെയിന്‍ വാട്‌സസന്റെ പന്തില്‍ പുറത്തായി തിരികെ നടക്കുമ്പോള്‍ ഗാര്‍ഡ്ഓഫ് ഓണര്‍ നല്‍കിയാണു സ്റ്റേഡിയം സച്ചിനെ ആദരിച്ചത്. സച്ചിന്റെ വിരമിക്കലോടെ വെസ്റ്റ്ഇന്‍ഡീസിനെതിരേയുള്ള ടെസ്റ്റ്പരമ്പര ഇനി ചരിത്രത്തിന്റെ ഭാഗമാകും. മുംബൈയില്‍ നവംബര്‍ 14 മുതല്‍ ഈ മത്സരം തുടങ്ങുമെന്നാണ് ഇപ്പോഴത്തെ സൂചന. കോല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണു പരമ്പരയിലെ മറ്റൊരു മത്സരം. എന്നാല്‍, മത്സരവേദി സംബന്ധിച്ചു ബിസിസിഐ ഇതുവരെ അന്തിമതീരുമാനമെടുത്തിട്ടില്ല.