ലളിതപദങ്ങളുപയോഗിച്ചുള്ള ആശയവിനിമയം ഹിന്ദിക്ക് കൂടുതല്‍ സ്വീകാര്യത നല്‍കും: ഗവര്‍ണര്‍

single-img
9 October 2013
ലളിതപദങ്ങളുപയോഗിച്ചുള്ള ആശയവിനിമയത്തിലൂടെ ഹിന്ദി സംസാരിക്കാത്തവരുടെ ഇടയിലും ഹിന്ദിക്ക് സ്വീകാര്യത ലഭിക്കുമെന്ന് ഗവര്‍ണര്‍ ശ്രീ നിഖില്‍ കുമാര്‍ ചൂണ്ടിക്കാട്ടി. മലയാളികളുടെ ഹിന്ദി ഉച്ചാരണം വളരെ മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിലെ ഹിന്ദി പക്ഷാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.
ഭാഷയുമായി നിരന്തരസമ്പര്‍ക്കമില്ലാത്തവരെ അത് സംസാരിക്കാന്‍ നിര്‍ബന്ധിക്കുന്നത് ഭാഷയെ ദോഷകരമായി ബാധിക്കുകയേയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. 1949 സെപ്റ്റംബര്‍ 14നാണ് ഹിന്ദി ഔദ്യോഗികഭാഷയായി അംഗീകരിക്കപ്പെട്ടത്. 64 വര്‍ഷം കഴിഞ്ഞിട്ടും നാമിതിനെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതേയുള്ളു. ഭാഷാപ്രചരണത്തിന്റെ വേഗം കുറഞ്ഞത് പ്രയത്‌നത്തിന്റെ കുറവുകൊണ്ടല്ല. ദൈനംദിനവ്യവഹാരങ്ങളില്‍ ഹിന്ദി ഉപയോഗിക്കാത്തവരെ നിര്‍ബന്ധിക്കാതെതന്നെ ഇതിന്റെ ആകര്‍ഷണീയതയിലേക്കു നയിച്ചാല്‍ മാത്രമേ സര്‍ക്കാര്‍ ആഗ്രഹിച്ചതുപോലുള്ള പുരോഗതി ഹിന്ദിയുടെ കാര്യത്തില്‍ ഉണ്ടാകുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രാദേശികഭാഷകളിലെ വാക്കുകളും ഇംഗ്ലീഷ്, ഉറുദു പോലുള്ള ഭാഷകളിലെ വാക്കുകളും ഹിന്ദിയുമായി സംയോജിപ്പിച്ച് സംസാരിക്കുന്നത് ഭാഷയെ പോഷിപ്പിക്കുമെന്നും ഒന്നാംഭാഷയായി ഹിന്ദി സംസാരിക്കാത്തവരിലേക്കും അതിനെയെത്തിക്കാന്‍ ഉപകരിക്കുമെന്നും ശ്രീ നിഖില്‍ കുമാര്‍ അഭിപ്രായപ്പെട്ടു. താന്‍ നേരത്തേ ഗവര്‍ണറായിരുന്ന നാഗാലാന്‍ഡില്‍ പലരുടെയും ഹിന്ദിയിലുള്ള പ്രസംഗം കേട്ടിട്ടുണ്ട്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ മലയാളിയുടെ ഹിന്ദി ഉച്ചാരണം ഏറെ മികച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആരോഗ്യസംരക്ഷണ രംഗത്ത് എച്ച്എല്‍എല്‍ നല്‍കുന്ന സംഭാവനകളേയും കയറ്റുമതിയിലൂടെ വിദേശനാണ്യം നേടിത്തരുന്നതിനേയും അദ്ദേഹം അഭിനന്ദിച്ചു. എച്ച്എല്‍എല്ലിന്റെ വിശാലമായ ക്യാമ്പസ് ചുറ്റിനടന്നു കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച ഗവര്‍ണറെ സിഎംഡി ഡോ.എ.അയ്യപ്പന്‍ അതിനായി ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.
ലളിതവും രസകരവുമായ ശൈലിയില്‍ അര മണിക്കൂറോളം നീണ്ടു ഗവര്‍ണറുടെ ഹിന്ദിയുള്ള പ്രസംഗം. മുന്‍കൂട്ടി എഴുതിത്തയ്യാറാക്കാതെതന്നെ മുന്‍ പ്രാസംഗികരെ പേരെടുത്തു പറഞ്ഞുള്ള ശ്രീ നിഖില്‍ കുമാറിന്റെ പ്രസംഗം സദസ്യരെ കയ്യിലെടുക്കുകതന്നെ ചെയ്തു. കമ്പനിയിലെ ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ മല്‍സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു. കേന്ദ്ര ആഭ്യന്ത്ര മന്ത്രി ശ്രീ സുശീല്‍കുമാര്‍ ഷിന്‍ഡെയുടെയും ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീ ഗുലാം നബി ആസാദിന്റെയും സന്ദേശങ്ങള്‍ ചടങ്ങില്‍ വായിച്ചു.
എച്ച്എല്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.അയ്യപ്പന്‍ അധ്യക്ഷത വഹിച്ചു. കമ്പനിയുടെ വിവിധ പദ്ധതികളെപ്പറ്റി വിശദീകരിച്ച അദ്ദേഹം, പൊതുജനങ്ങള്‍ക്ക് ഈ പദ്ധതികളേയും സേവനങ്ങളേയും പറ്റി അവബോധമുണ്ടാക്കുന്നതിനായി ഹിന്ദി ഭാഷ ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുള്ളതായി അറിയിച്ചു. കമ്പനിയിലെ ഔദ്യോഗിക ആശയവിനിമയങ്ങള്‍ക്ക് ഹിന്ദി ഉപയോഗിക്കാന്‍ ജീവനക്കാരെ പ്രോല്‍സാഹിപ്പിക്കുന്നുണ്ടെന്നും അവര്‍ക്കിടയില്‍ ഹിന്ദിയുടെ പ്രചരണത്തിന് നൂതനമാര്‍ഗങ്ങള്‍ സ്വീകരിച്ചുവരികയാണെന്നും ഡോ. അയ്യപ്പന്‍ പറഞ്ഞു. ഹിന്ദി സിനിമകളുടെയും ഗാനങ്ങളുടെയും ലൈബ്രറി, റിക്രിയേഷന്‍ ക്ലബ്ബിന്റെ വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന ഹിന്ദി മേള, ജീവനക്കാര്‍ക്കും കുട്ടികള്‍ക്കുമായി ഹിന്ദി സംഗീതനിശ തുടങ്ങിയവ ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.
ഔദ്യോഗികഭാഷ നടപ്പാക്കുന്നതില്‍ കാണിക്കുന്ന മികവിന് എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന് 2013-14 വര്‍ഷത്തിലും ഇന്ദിരാ ഗാന്ധി രാജഭാഷ പുരസ്‌ക്കാരം ലഭിക്കുകയുണ്ടായി, ദേശീയതലത്തിലുള്ള ഈ പുരസ്‌ക്കാരം എട്ടാം തവണയാണ് കമ്പനിക്കു ലഭിക്കുന്നത്.
ശ്രീ ശങ്കര സര്‍വ്വകലാശാല ഹിന്ദി വിഭാഗം പ്രൊഫസര്‍ ഡോ. കെ. ശ്രീകല, എച്ച്എല്‍എല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ ബാബു തോമസ്, ഡയറക്ടര്‍മാരായ ശ്രീ കെ.കെ. സുരേഷ് കുമാര്‍, ശ്രീ ആര്‍.പി ഖണ്ഡേല്‍വാല്‍, ഡോ. കെ.ആര്‍.എസ്. കൃഷ്ണന്‍ എന്നിവരും സംസാരിച്ചു.