ശ്രീനിവാസന് ചുമതലയേല്‍ക്കാമെന്ന് കോടതി

single-img
9 October 2013

Sreenivasanബിസിസിഐ പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ട എന്‍. ശ്രീനിവാസന് ചുമതലയേറ്റെടുക്കാമെന്നു സുപ്രീംകോടതി. ഐപിഎലുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഇടപെടരുതെന്ന ഉപാധിയോടെയാണ് ചുമതലയേറ്റെടുക്കാന്‍ കോടതി അനുമതി നല്‍കിയത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടതായതിനാല്‍ അക്കാര്യത്തില്‍ ഇടപെടാനില്ല എന്നും ജസ്റ്റീസ് എ.കെ. പട്‌നായിക് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ട അന്വേഷണം ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ സമിതി നാലു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രസിഡന്റ് സ്ഥാനമേല്‍ക്കാത്തത് ഭരണം തടസപ്പെടുത്തുന്നുണെ്ടന്ന് ബിസിസിഐ കോടതിയെ ബോധിപ്പിച്ചതിനു പിന്നാലെയാണ് ശ്രീനിവാസനോട് സ്ഥാനമേല്‍ക്കാന്‍ കോടതി നിര്‍ദേശിച്ചത്. കഴിഞ്ഞ ദിവസം നടന്ന ബിസിസിഐ അദ്ധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ശ്രീനിവാസന്‍ വിജയിച്ചിരുന്നുവെങ്കിലും സ്ഥാനമേല്‍ക്കുന്നത് കോടതി തടഞ്ഞിരിക്കുകയായിരുന്നു.