ആന്ധ്രയില്‍ രാഷ്ട്രപതിഭരണത്തിനു നീക്കമില്ലെന്ന് ഷിന്‍ഡെ

single-img
9 October 2013

IN10_SHINDE_1204623gസംസ്ഥാന വിഭജനത്തിനെതിരേയുള്ള പ്രതിഷേധം കത്തിപ്പടര്‍ന്ന ആന്ധ്രപ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഉദേശ്യമില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. വൈദ്യുതി -ഗതാഗത മേഖലകളിലെ പ്രതിസന്ധിമൂലം എസ്മ പ്രയോഗിച്ചേക്കുമെന്നു ഷിന്‍ഡെ സൂചന നല്കി. വൈദ്യുതിവകുപ്പ് ജീവനക്കാരുടെ സമരംമൂലം സംസ്ഥാനത്തു വൈദ്യുതി ഉത്പാദനവും വിതരണവും തടസപ്പെട്ടു. വൈദ്യുതി വിതരണം താറുമാറായതു ട്രെയിന്‍-വിമാന സര്‍വീസുകളെ ബാധിച്ചു. ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്. ഇലക്ട്രിസിറ്റി എംപ്ലോയീസ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച വിജയം കണ്ടില്ല. സംസ്ഥാന വിഭജനത്തിനെതിരേ ഇന്നലെയും വന്‍ പ്രതിഷേധം അരങ്ങേറി. സീമാന്ധ്രയിലെ പ്രക്ഷോഭം ഉത്കണ്ഠാജനകമാണെങ്കിലും രാഷ്ട്രപതിഭരണം സംബന്ധിച്ച് ഒരു ചര്‍ച്ചയും കാബിനറ്റ് യോഗത്തില്‍ ഉണ്ടായിട്ടില്ലെന്നും നദീജലം പങ്കിടല്‍, ഹൈദരാബാദിലെ പഠന-ജോലി സാധ്യതകള്‍ എന്നിവ സംബന്ധിച്ച് സീമാന്ധ്ര മേഖലയിലുള്ളവരുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും ഷിന്‍ഡെ പറഞ്ഞു.