ഗണേഷ് രാജിക്കത്ത് തന്നിട്ടില്ല; യു.ഡി.എഫ് കാണിക്കുന്നത് നീതികേട്: ആര്‍. ബാലകൃഷ്ണപിള്ള

single-img
9 October 2013

pillai-and-kumar-350_011612102410എംഎല്‍എ സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് ഗണേഷ്‌കുമാര്‍ തനിക്ക് നല്‍കിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. തിരുവനന്തപുരത്ത് കേരള കോണ്‍ഗ്രസ്-ബിയുടെ നേതൃയോഗത്തിന് ശേഷം ഗണേഷ്‌കുമാറുമൊത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിള്ള. രാജിവെയ്ക്കുന്ന കാര്യം ഗണേഷ് തന്നോട് വാക്കാല്‍ സൂചിപ്പിച്ചിരുന്നുവെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

ഗണേഷിനോടും പാര്‍ട്ടിയോടും യുഡിഎഫ് കാണിച്ചത് നീതികേടാണെന്നും പിള്ള ആവര്‍ത്തിച്ചു. മറ്റാരുടെയും കാര്യത്തില്‍ ഇല്ലാത്ത ഒരു മാനദണ്ഡം തങ്ങളുടെ കാര്യത്തില്‍ മാത്രം സ്വീകരിക്കുന്നത് എന്തിനാണെന്ന് വ്യക്തമാകുന്നില്ല. യാമിനിയുമായിട്ടുള്ള കേസ് തീര്‍പ്പാക്കിയാല്‍ മന്ത്രിസ്ഥാനം തിരികെ നല്‍കാമെന്ന് ഉമ്മന്‍ചാണ്ടിയും യുഡിഎഫും ഗണേഷിന് ഉറപ്പു നല്‍കിയിരുന്നു. ആ ഉറപ്പു നല്‍കിയിട്ട് അഞ്ചര മാസം പിന്നിടുന്നതായും ബാലകൃഷ്ണപിള്ള ചൂണ്ടിക്കാട്ടി. മന്ത്രിസ്ഥാനം കൂടി ലഭിച്ചാല്‍ പാര്‍ട്ടിക്ക് രണ്ട് ക്യാബിനറ്റ് പദവികളാകുമല്ലോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഞങ്ങള്‍ക്ക് മന്ത്രിസ്ഥാനത്തിന്റെ ക്യാബിനറ്റ് പദവി മതിയെന്നായിരുന്നു ബാലകൃഷ്ണപിള്ളയുടെ പ്രതികരണം. മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനെന്ന പദവി മന്ത്രി അകത്തോട്ട് കയറാതിരിക്കാന്‍ അടിച്ചുതന്നിരിക്കുന്ന സ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസാണ് ഗണേഷിനെ മന്ത്രിയാക്കിയത്. ആ നിലയ്ക്ക് കേരള കോണ്‍ഗ്രസിന്റെ തീരുമാനം അംഗീകരിക്കുകയാണ് വേണ്ടതെന്നും ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു.