വോട്ടുചെയ്താല്‍ ഇനി രസീതു കൊടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്

single-img
8 October 2013

തിരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കുന്നതിനുള്ള തെളിവായി പേപ്പര്‍ രസീത് നല്‍കുന്ന സംവിധാനം രാജ്യവ്യാപകമായി നടപ്പാക്കാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്. വോട്ട് കൃത്യമായി രേഖപ്പെടുത്തിയോയെന്നും ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കാണോ വോട്ട് ചെയ്തതെന്നും ഉറപ്പാക്കുന്നതിനാണു വോട്ടിട്ടയുടന്‍ വോട്ടിംഗ് മെഷീനിലൂടെ രസീത് വോട്ടര്‍ക്കു നല്‍കുന്നത്. ഈ പദ്ധതി ഘട്ടംഘട്ടമായി രാജ്യവ്യാപകമായി നടപ്പാക്കണമെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനോടു നിര്‍ദേശിച്ച കോടതി, അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടം തുടങ്ങണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിലൂടെ വോട്ട് ചെയ്താലുടന്‍ ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കുതന്നെയാണെന്ന് ഉറപ്പുവരുത്താന്‍ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും രേഖപ്പെടുത്തിയ രസീത് നല്‍കണമെന്നാണ് ചീഫ് ജസ്റ്റീസ് പി. സദാശിവം, ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്. നാഗാലാന്‍ഡിലും ഡല്‍ഹിയിലെ ചില മണ്ഡലങ്ങളിലും നേരത്തേ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇതു നടപ്പാക്കിയതു വിജയത്തിലെത്തിയിരുന്നു. ഇതേത്തുടര്‍ന്നു പേപ്പര്‍ രസീതുകള്‍ നല്‍കുന്നത് എല്ലാ തെരഞ്ഞെടുപ്പിലും നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു ബിജെപി നേതാവായ സുബ്രഹ്മണ്യന്‍ സ്വാമിയാണു സുപ്രീം കോടതിയെ സമീപിച്ചത്.