ശാസ്ത്രരംഗത്തെ വിദഗ്ധരുമായി വിദ്യാര്‍ഥികള്‍ക്ക് സംവദിക്കാന്‍ ജ്വലിപ്പിക്കുന്ന മനസ്സുകള്‍

single-img
8 October 2013
ഇന്ത്യന്‍ സ്‌കൂളുകളുടെ ശാസ്ത്രത്തോടുള്ള മനോഭാവം മാറ്റിയെടുക്കുന്നതിനായി ഇന്ത്യന്‍ ശാസ്ത്രസമൂഹത്തിലെ അതികായന്മാര്‍ ഒരുമിക്കുന്നു. ഡോ. എ.പി.ജെ. അബ്ദുള്‍ കലാം മുതല്‍ ഡോ. എം.എസ് സ്വാമിനാഥന്‍ വരെ ഇതില്‍ പങ്കാളികളാകും. ശാസ്ത്രവിദ്യാഭ്യാസം കൂടുതല്‍ ഫലപ്രദവും ആകര്‍ഷകവുമാക്കാനുതകും വിധത്തില്‍ തങ്ങളുടെ അനുഭവങ്ങളും അറിവും യുവതലമുറയുമായി പങ്കുവയ്ക്കാന്‍ തയ്യാറുള്ള ലബ്ധപ്രതിഷ്ഠരായ ശാസ്ത്രജ്ഞര്‍, ടെക്‌നോക്രാറ്റുകള്‍, നൊബേല്‍ ജേതാക്കള്‍, സാമൂഹ്യനേതാക്കള്‍ തുടങ്ങിയവരുമായി ഇന്ത്യയിലെ ഒരു ലക്ഷം വിദ്യാര്‍ഥികളെ ബന്ധപ്പെടുത്തുന്ന ജ്വലിപ്പിക്കുന്ന മനസ്സുകള്‍ എന്ന പരിപാടി, ഇന്ത്യയിലും വിദേശത്തുമുള്ള നൂറുകണക്കിന് ശാസ്ത്ര സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള ശാസ്ത്ര മുന്നേറ്റ ശൃംഖലയായ ‘വിജ്ഞാന്‍ ഭാരതി’യാണ് നടപ്പാക്കുന്നത്.
ഈ മാസം ന്യൂഡല്‍ഹിയില്‍ തുടങ്ങുന്ന പരിപാടിയുടെ ഒന്നാംഘട്ടത്തില്‍, സ്വകാര്യ- പൊതു മേഖലകളിലെ ആയിരം സ്‌കൂളുകളില്‍ ഓരോന്നില്‍ നിന്നുമുള്ള നൂറു കുട്ടികളെ വീതമാണ് പങ്കെടുപ്പിക്കുകയെന്ന് പരിപാടിയുടെ ചീഫ് മെന്ററും ഇന്ത്യയുടെ ആറ്റമിക് എനര്‍ജി കമ്മീഷന്‍ മുന്‍ ചെയര്‍മാനുമായ ഡോ. അനില്‍ കകോദ്കര്‍ പറഞ്ഞു. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി.മാധവന്‍ നായരാണ് മറ്റൊരു ചീഫ് മെന്റര്‍.
ഡോ. കലാമിനൊപ്പം ഡല്‍ഹി ഐഐടി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ചെയര്‍മാന്‍ ഡോ. ഭട്കര്‍, ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. സ്വാമിനാഥന്‍, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. ടി. രാമസാമി,  കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ആര്‍.എ മഷേല്‍കര്‍, നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂരിലെ റോബോട്ടിക്‌സ് വിദഗ്ദ്ധനായ പ്രൊഫ. പ്രഹഌദ് വടക്കേപ്പാട്ട് തുടങ്ങിയവരും പരിപാടിയില്‍ സഹകരിക്കുന്നുണ്ട്.
അതതു മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വിദഗ്ദ്ധരുമായി വിദ്യാര്‍ഥികള്‍ക്ക് ബന്ധപ്പെടാന്‍ ആധുനിക വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനങ്ങളാണ് പരിപാടിയില്‍ ഉപയോഗിക്കുകയെന്ന് ഡോ. കകോദ്കര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഇവരുമായി നേരിട്ടു ബന്ധപ്പെടാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അമൃത സര്‍വ്വകലാശാലയും മുംബൈ ഐഐടിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത എ-വ്യൂ (അമൃത വിര്‍ച്വല്‍ ഇന്ററാക്ടീവ് ഇ-ലേണിംഗ് വേള്‍ഡ്) ആണ് ഇതിനായി ഉപയോഗിക്കുന്നത്.
ജ്വലിപ്പിക്കുന്ന മനസ്സുകള്‍ വികസിപ്പിച്ചെടുത്തിട്ടുള്ള നോളജ് പോര്‍ട്ടല്‍ വഴി വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രവുമായി ബന്ധപ്പെട്ട ബ്ലോഗുകള്‍ ഉണ്ടാക്കാനും അത് മറ്റുള്ളവരുമായി പങ്കുവയ്ക്കാനും സാധിക്കും. ഒപ്പം നൂതനമായ ആശയങ്ങള്‍ അവതരിപ്പിക്കാനും ചര്‍ച്ചചെയ്യാനും അവസരമുണ്ടാകും. മികച്ച നൂതനാശയത്തിന് പുരസ്‌ക്കാരം നല്‍കുകയും പങ്കെടുക്കുന്നവര്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്യും.
മാസത്തില്‍ രണ്ടു സെഷന്‍ വീതം ഒരു വര്‍ഷം 20 സെഷനാണുള്ളത്. ആറു തൊട്ട് എട്ടുവരെയും ഒമ്പതു മുതല്‍ 12 വരെയും ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി 10 അധ്യായങ്ങള്‍ വീതമുള്ള ഓരോ സെറ്റാണ് നല്‍കുക. ഓരോ സെഷനിലും അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയും തുടര്‍ന്ന് വിദഗ്ദ്ധരില്‍ ഒരാള്‍ നയിക്കുന്ന ‘വെബിനാര്‍’ എന്ന പരിപാടിയും തല്‍സമയ സംവാദവും ഉണ്ടാകും. ഈ സംവാദത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംശയങ്ങള്‍ ദുരീകരിക്കാന്‍ അവസരം ലഭിക്കുക.
രാജ്യത്തുടനീളം നടക്കുന്ന ശാസ്ത്രപ്രവര്‍ത്തനങ്ങളെപ്പറ്റി വിപുലമായ വിവരങ്ങള്‍ ലഭിക്കുമെന്നതാണ് ഇതില്‍ പങ്കാളികളാകുന്ന സ്‌കൂളുകള്‍ക്കുള്ള നേട്ടം. എല്ലാ തരം പഠനോപകരണങ്ങളുമുള്ള ഡിജിറ്റല്‍ കണ്ടന്റ് ലൈബ്രറി ലഭ്യമാകുന്നതിനൊപ്പം വിദ്യാര്‍ഥികള്‍ക്കായുള്ള വിജ്ഞാന്‍ ഭാരതി സയന്‍സ് ന്യൂസ് പോര്‍ട്ടലിലും സ്‌കൂളുകള്‍ അംഗങ്ങളായി മാറും.
അറിവിനോട് അടങ്ങാത്ത ദാഹവും ശാസ്ത്രത്തോട് നല്ല അടുപ്പവുമുള്ള വിദ്യാര്‍ഥികളുടെ ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമിടുന്നതെന്നും വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രവിദ്യാഭ്യാസം ആകര്‍ഷകമാക്കാനും അതിലൂടെ അവരുടെ സ്വപ്‌നങ്ങളിലേക്കുള്ള യാത്ര സുഗമമാക്കാനുമാണിതെന്നും ഡോ. മാധവന്‍ നായര്‍ പറഞ്ഞു. വലിയ സ്വപ്‌നങ്ങള്‍ കാണാനും മനുഷ്യ നന്മക്കായി നൂതന രീതിയില്‍ ആ സ്വപ്‌നങ്ങളെ സഫലീകരിക്കാനും കഴിയുന്ന വിദ്യാര്‍ഥികളുടെ ഒരു തലമുറയെ രൂപപ്പെടുത്തുകയാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോകത്തെ ഏറ്റവും വലിയ യുവതലമുറയ്ക്കിടയില്‍ ജ്വലിപ്പിക്കുന്ന മനസ്സുകള്‍ നടപ്പാക്കുന്നതിലൂടെ രാജ്യത്തോടു പ്രതിബദ്ധതയും ആത്മവിശ്വാസവും ധൈര്യവുമുള്ള പുതിയ തലമുറയെ അറിവിന്റെയും വിവരങ്ങളുടെയും ലോകത്തേക്കു നയിക്കുകയാണ് ചെയ്യുകയെന്ന് വിജ്ഞാന്‍ ഭാരതി ദേശീയ പ്രസിഡന്റ് ഡോ. വിജയ് ഭട്കര്‍ പറഞ്ഞു. ശാസ്ത്രസംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിലൂടെ വിദ്യാര്‍ഥികളെ ശാസ്ത്ര വിഷയങ്ങളില്‍ കൂടുതല്‍ ഇടപെടുവിക്കാന്‍ ക്ലാസ് മുറികളില്‍ പഠിപ്പിക്കുന്നവര്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. റോബോട്ടിക്‌സ്, സൂപ്പര്‍ കംപ്യൂട്ടിംഗ്, ബഹിരാകാശം, ആണവോര്‍ജ്ജം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകള്‍ അവയുടെ എല്ലാ മാനങ്ങളിലും മനസ്സിലാക്കപ്പെടേണ്ടതുമുണ്ട്. സങ്കീര്‍ണമായ ഈ വിഷയങ്ങളെപ്പറ്റി വിദഗ്ദ്ധരില്‍ നിന്നു നേരിട്ടു മനസ്സിലാക്കാനുള്ള അവസരമാണ് ജ്വലിപ്പിക്കുന്ന മനസ്സുകള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരുക്കുന്നത്. താല്‍പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് www.ignitingminds.org  എന്ന വെബ്‌സൈറ്റിലൂടെ ബന്ധപ്പെടാവുന്നതാണ്.