പ്രധാനമന്ത്രി റഷ്യയും ചൈനയും സന്ദര്‍ശിക്കും

single-img
7 October 2013

ManmohanSingh.jpg67

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ മോസ്‌കോ സന്ദര്‍ശന വേളയില്‍ ദ്രവീകൃത പ്രകൃതിവാതക വിതരണം, സിവില്‍ ആണവക്കരാര്‍ തുടങ്ങിയ കരാറുകളില്‍ റഷ്യയുമായി ഒപ്പുവച്ചേക്കും. 20 മുതല്‍ നാലു ദിവസത്തേക്കാണ് പ്രധാനമന്ത്രി റഷ്യ, ചൈന സന്ദര്‍ശനം നടത്തുക. 21 നു മോസ്‌കോയില്‍ നടക്കുന്ന ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ മന്‍മോഹന്‍സിംഗും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും സംബന്ധിക്കും. വ്യാപാരം, നിക്ഷേപം, സിവില്‍ ആണവക്കരാര്‍, ആഗോള സാമ്പത്തിക പ്രതിസന്ധി എന്നിവയെക്കുറിച്ച് ഇരുനേതാക്കളും ചര്‍ച്ചചെയ്യും. ഉച്ചകോടിയിലെ പ്രധാന അജന്‍ഡ സിവില്‍ ആണവക്കരാറാണ്. ഇന്ത്യയിലെ ആണവ ബാധ്യതാ ബില്ലിനെത്തുടര്‍ന്ന് കൂടംകുളം നിലയത്തിന്റെ മൂന്നും നാലും റിയാക്ടറുകളുടെ പണി അനിശ്ചിതത്വത്തിലാണ്. ഊര്‍ജാവശ്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എല്‍എന്‍ജി കരാര്‍ രാജ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഇക്കാര്യത്തില്‍, ഒഎന്‍ജിസി വിദേശ് ലിമിറ്റഡും പടിഞ്ഞാറന്‍ റഷ്യയിലെ നവാ തെക് കമ്പനിയുമായി ചര്‍ച്ച നടക്കുന്നുണ്ട്. ടെലികോം മേഖലയിലും റഷ്യന്‍ നിക്ഷേപത്തിനു സാധ്യതയുണ്ട്.