തേജസ് പത്രത്തിനെതിരേ നടപടി

single-img
4 October 2013

Thejasപോപ്പുലര്‍ ഫ്രണ്ട് മുഖപത്രമായ തേജസിന്റെ പ്രസിദ്ധീകരണം തടയാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായി പത്ര മാനേജ്‌മെന്റ് ആരോപിച്ചു. പ്രാരംഭ നടപടിയെന്ന പേരില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് പത്രത്തിന്റെ മുഖ്യഓഫീസായ മീഞ്ചന്തയിലെ മീഡിയ സിറ്റിയിലേക്കു കോഴിക്കോട് എഡിഎം നല്‍കിയതായി മാനേജിംഗ് എഡിറ്റര്‍ പ്രഫ.പി. കോയ പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തെയും താല്‍പര്യത്തെയും അത്യന്തം ഗുരുതരമായി ബാധിക്കുന്ന വാര്‍ത്തകളും എഡിറ്റോറിയലുകളും ലേഖനങ്ങളും അച്ചടിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി പ്രസ് ആന്‍ഡ് രജ്‌സ്‌ട്രേഷന്‍ ഓഫ് ബുക്‌സ് ആക്ട് 1867- 8ബി അനുസരിച്ചുള്ള കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു.

നോട്ടീസ് ലഭിച്ച പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസം 30ന് കോഴിക്കോട് എഡിഎമ്മിനു മുന്നില്‍ ഹാജരായി വിശദീകരണം സമര്‍പ്പിച്ചു. തിരുവനന്തപുരത്തു ഹാജരാകാന്‍ സമയമാവശ്യപ്പെടുകയും ചെയ്തു. പത്രത്തിനെതിരായ ആരോപണങ്ങള്‍ വസ്തുതകളുടെ പിന്‍ബലമില്ലാത്തതാണെന്നു മാനേജിംഗ് എഡിറ്റര്‍ ആരോപിച്ചു. പത്രത്തെ തകര്‍ക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും തേജസിനു സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിക്കുന്നത് ഇതിന്റെ ഭാഗമായിട്ടാണെന്നും അദ്ദേഹം ആരോപിച്ചു. എഡിറ്റര്‍ എന്‍.പി. ചെക്കുട്ടി, മാനേജിംഗ് ഡയറക്ടര്‍ എം. ഉസ്മാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

അതേസമയം തേജസ് ദിനപത്രത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നീക്കം തനിക്കറിയില്ലന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. താന്‍ ഉള്‍പ്പെട്ട മന്ത്രിസഭായോഗത്തില്‍ അത്തരത്തില്‍ ഒരു തീരുമാനമുണ്ടായതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.