Latest News

കാഷ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം

recruetmentകാഷ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനത്തിനായി മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത കേസില്‍ തടിയന്റവിട നസീര്‍ അടക്കം നാല് പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചു. ബാക്കി ഒന്‍പതു പേര്‍ക്ക് ജീവപര്യന്തമാണ് ശിക്ഷ. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി എസ്. വിജയകുമാര്‍ ആണ് ശിക്ഷാവിധി പ്രസ്താവിച്ചത്. മലപ്പുറം കാവഞ്ചേരി മുറ്റനൂര്‍ തായാട്ടില്‍ വീട്ടില്‍ അനൂപ്, സത്താര്‍ എന്നീ പേരുകളുള്ള അബ്ദുല്‍ ജബ്ബാര്‍, എറണാകുളം പള്ളിക്കര കണിയാട്ട് കുടിയില്‍ വീട്ടില്‍ സര്‍ഫറാസ് നവാസ്, പെരുമ്പാവൂര്‍ പാറപ്പുറം മുണ്ടകടവ് വീട്ടില്‍ സാബിര്‍ പി. ബുഖാരി എന്നിവര്‍ക്കാണ് തടിയന്റവിട നസീറിനൊപ്പം ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചത്. വിധി പ്രസ്താവത്തിനു മുന്നോടിയായി രാവിലെ കേസ് പരിഗണിക്കവേ ജയില്‍ശിക്ഷ ബാംഗളൂരില്‍ വേണമെന്ന് ചില പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കരുതെന്നും കടുത്ത ശിക്ഷ നല്‍കരുതെന്നും അബ്ദുള്‍ ജബ്ബാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതികളോട് കരുണ കാട്ടരുതെന്നും ഇവര്‍ രാജ്യത്തിനെതിരേ യുദ്ധം ചെയ്തവരാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.

കാഷ്മീരിലെ ലോലാബ് വനത്തില്‍ നടന്ന തീവ്രവാദ ക്യാമ്പില്‍ പങ്കെടുത്ത അബ്ദുള്‍ ജബ്ബാര്‍ ആയിരുന്നു കേസിലെ ഒരു പ്രധാന പ്രതി. ക്യാമ്പിനിടെ ഇയാള്‍ പരിക്കേറ്റ് കേരളത്തിലേക്കു തിരിക്കുകയായിരുന്നു. 16-ാം പ്രതിയായ അബ്ദുള്‍ ജബ്ബാറിനെതിരേ വധശിക്ഷ വരെ ലഭിക്കാവുന്ന ഇന്ത്യന്‍ ശിക്ഷാനിയമം 121, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യുഎപിഎ) 16-ാം വകുപ്പ് പ്രകാരം രാജ്യത്തിനെതിരേ യുദ്ധം ചെയ്യല്‍ എന്നീ കുറ്റങ്ങളായിരുന്നു തെളിഞ്ഞത്. ത്വരീഖത്ത് ക്ലാസുകളുടെ മറവില്‍ രാജ്യത്തിനെതിരേ യുദ്ധം ചെയ്യാനായി ഗൂഢാലോചന നടത്തിയെന്ന ഇന്ത്യന്‍ ശിക്ഷാ നിയമം 121 എ, 18 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണു മറ്റു പ്രതികള്‍ക്കെതിരേ പ്രധാനമായും തെളിഞ്ഞത്. കനത്ത സുരക്ഷയിലാണ് 13 പ്രതികളെയും കോടതിയില്‍ ഹാജരാക്കിയത്. മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് കോടതി പരിസരത്തേക്ക് കടത്തിവിട്ടത്. വിധി പ്രസ്താവിച്ച ശേഷം ഉടന്‍തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതികളെ കോടതി പരിസരത്തുനിന്നും മാറ്റുകയും ചെയ്തു.

കണ്ണൂര്‍ കാട്ടൂര്‍ കടമ്പൂര്‍ പുതിയപുരയില്‍ വീട്ടില്‍ കെ.വി. അബ്ദുള്‍ ജലീല്‍, കണ്ണൂര്‍ ഉറുവച്ചാല്‍ ചാണ്ടിന്റവിട വീട്ടില്‍ എം.എച്ച്. ഫൈസല്‍, ചോവഞ്ചേരി ചെമ്പിലോട് പി. മുജീബ്, കണ്ണൂര്‍ തയ്യില്‍ പൗണ്ട് വളപ്പില്‍ ഷഫാസ്, വയനാട് പടിഞ്ഞാറെത്തറ പാത്തുങ്കല്‍ വീട്ടില്‍ ഭായ് എന്ന ഇബ്രാഹിം മൗലവി, കളമശേരി അമ്പലം റോഡില്‍ പൂനംതൈ വെള്ളര്‍കോടത്ത് വീട്ടില്‍ ഫിറോസ്, കണ്ണൂര്‍ റഹ്മാനിയ പൗണ്ട് വളവ് മുഹമ്മദ് നവാസ്, കൊണേ്ടാട്ടി പെരുവല്ലൂര്‍ ഇടകനാതെടിക സത്താര്‍ ഭായ് എന്ന സൈനുദ്ദീന്‍, പരപ്പനങ്ങാടി ചെട്ടിപ്പടി രായിന്‍കാനകത്ത് വീട്ടില്‍ ഉമറുല്‍ ഫാറൂഖ് തുടങ്ങിയവരാണ് ജീവപര്യന്തം ശിക്ഷ ലഭിച്ച ഒന്‍പതു പേര്‍. എല്ലാ പ്രതികള്‍ക്കുമെതിരേ തീവ്രവാദക്കുറ്റം ചുമത്തിയിരുന്നു.