കാഞ്ചി; തോക്കില്‍ ഉണ്ടയില്ല (സിനിമ നിരൂപണം)

single-img
4 October 2013

Kanchi

ഒഴിമുറിയെന്ന ചിത്രം കണ്ടവര്‍ക്ക് ജയമോഹനെന്ന തിരക്കഥാകൃത്തിനെ മറക്കാന്‍ കഴിയില്ല. അത്രയ്ക്ക് മനോഹരമായി രംഗങ്ങള്‍ അടുക്കിവച്ച് ഒരു ആസ്വാദന സ്വഭാവം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് ഒഴിമുറിയിലൂടെ കഴിഞ്ഞിരുന്നു. അതിനു മുമ്പ് അദ്ദേഹം തമിഴില്‍ എഴുതിയ ചിത്രമായ അങ്ങാടിത്തെരുവിലും ഈ ഒരു പ്രത്യേകത ദര്‍ശിക്കാനാകും. (മണിരത്‌നത്തിന്റെ കടലും അദ്ദേഹം എഴുതിയതാണ്).

ഒഴിമുറിക്ക് ശേഷം അദ്ദേഹം മലയാളത്തില്‍ ചെയ്ത ചിത്രമാണ് കാഞ്ചി. പുതുമുഖമായ ജി.എന്‍ കൃഷ്ണകുമാറാണ് (ടൈറ്റിലില്‍ കാണിക്കുന്നത് ജിയെന്‍ കൃഷ്ണകുമാര്‍എന്നാണ്. പേര് രാശിയായിരിക്കും) ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജയമോഹന്റെ തന്നെ കഥയ്ക്ക് അദ്ദേഹം തന്നെ സംഭാഷണവും രചിച്ചിരിക്കുന്നു. ലഫ്റ്റ് റൈറ്റ് ലഫ്റ്റിനു ശേഷം ഇന്ദ്രജിത്തും മുരളീഗോപിയും ഒന്നിക്കുന്ന കാഞ്ചിയില്‍ അര്‍ച്ചനാ ഗുപ്ത നായികയായി എത്തുന്നു.

ജീവനില്ലാത്ത വസ്തുവായ ഒരു തോക്കിനെ നായകനാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് കാഞ്ചിയെന്ന് മുന്‍പ് വായിച്ചതോര്‍ക്കുന്നു. അതിനാല്‍തന്നെ വളരെയേറെ പ്രതീക്ഷയുണ്ടായിരുന്നു. ജീവനില്ലാത്ത വസ്തുവിനെ എങ്ങനെ നായകനാക്കുമെന്ന ജിജ്ഞാസയുമുണ്ടായിരുന്നു. പോരാത്തതിന് മുരളീ ഗോപിയുടെ സാന്നിദ്ധ്യവും. ലഫ്റ്റ് റൈറ്റ് ലഫ്റ്റിന്റെ തിരക്കഥ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളിലുള്ള സൂക്ഷ്മതയെ അത്രമാത്രം പ്രതിഫലിപ്പിച്ചിരുന്നു. പക്ഷേ മലപോലെ വന്നത് എലിപോലെയെന്ന പോലെ നിശരാശപ്പെടുത്തിക്കളഞ്ഞു.

ഒരു യുവാവിലൂടെ പ്രതികാരം നിര്‍വ്വഹിക്കാനാകാതെ ഇടങ്ങള്‍ മാറിമാറിപ്പോകുന്ന ഒരു തോക്ക്. കവലയില്‍ സ്‌റ്റേഷനറിക്കട നടത്തുമ്പോള്‍ ഒരു കൊലപാതകത്തിന് സാക്ഷിയാകേണ്ടി വരികയും വേട്ടയാടപ്പെടുകയും ചെയ്യേണ്ടിവരുന്ന ഒരു യുവാവ്. ഇവരില്‍ക്കൂടിയാണ് സിനിമ മുന്നോട്ട് പോകുന്നത്. സിനിമയുടെ തുടക്കത്തില്‍ കാണിക്കുന്ന ഒരു കുടുംബത്തിലെ കൂട്ടക്കുരുതിയില്‍ നിന്നും രക്ഷപ്പെടുന്ന ആ കുടുംബത്തിലെ യുവാവ് (പുതുമുഖം അഭിജിത്ത്) ആ കൊലപാതകത്തിന് കാരണക്കാരനായ (എന്നു വിശ്വസിക്കുന്ന- സിനിമ തീരുന്നതുവരെ അതിനെപ്പറ്റി പറയുന്നില്ല) പെരിങ്ങോടനെ (മുരളീഗോപി) കൊല്ലാനെടുക്കുന്ന നാടന്‍ തോക്കാണ് ഇതില്‍ ഒന്നാമത്തെ കഥാപാത്രം. പക്ഷേ കൊല്ലാന്‍ കഴിയുന്നില്ല. ശേഷം തോക്ക് അതിന്റെ ആഗ്രഹപൂര്‍ത്തീകരണമെന്നവണ്ണം കൈകള്‍ മാറിമാറി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.

കവലയില്‍ സ്‌റ്റേഷനറിക്കച്ചവടം നടത്തുന്ന സമാധാനപ്രിയനായ മാധവനാണ് (ഇന്ദ്രജിത്ത്) രണ്ടാമത്തെ പ്രധാന കഥാപാത്രം. വളരെ അടിച്ചുപൊളിച്ച് ജീവിക്കാനിഷ്ടപ്പെടുന്ന ഗൗരി (അര്‍ച്ചനാഗുപ്ത)യുമായി മാധവന് വിവാഹമാലോചിക്കുകയും എന്നാല്‍ മാധവന്റെ ജോലിയും കാര്യങ്ങളുമറിഞ്ഞ ഗൗരി അതിന് എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഒടുവില്‍ ഒരു പാട്ടുസീനിലൂടെ ഈ പ്രശ്‌നം പരിഹരിച്ച് വിവാഹം കഴിക്കാന്‍ കാത്തിരിക്കുന്ന മാധവന്‍ കവലയില്‍ വച്ച് ഒരു കൊലപാതകത്തിന് സാക്ഷിയാകുന്നു. കൊലപാതകം ചെയ്തത് വേറെയാരുമല്ല- പെരിങ്ങോടന്‍ തന്നെ. മിക്കവാറുമുള്ള സിനിമകളില്‍ കാണുമ്പോലെ സാക്ഷിപ്പട്ടികയില്‍ കയറിയ മാധവന്‍ പെരിങ്ങോടന്റെ ശത്രുവായി മാറുന്നു.

പഴയ കേട്ട കഥകളില്‍ നിന്നും ഈ ചിത്രത്തിനുള്ള പുതുമയെന്നു പറയുന്നത് തോക്കിന്റെ കഥമാത്രമാണ്. എന്നാല്‍ അതൊരു വലിയ കഥാമികവായി കണ്ടുകൊണ്ടിരിക്കുന്നവര്‍ക്ക് തോന്നുന്നുമില്ല. കിരീടവും ഇന്ദ്രജിത്തിന്റെ തന്നെ ചേകവനുമൊക്കെ കണ്ടിട്ടുള്ളവര്‍ക്ക് ഈ ചിത്രം കാണുമ്പോള്‍ ചില ഓര്‍മ്മകള്‍ കയറിവരുമെന്നതില്‍ സംശയമില്ല.

അഭിനയത്തിന്റെ കാര്യത്തില്‍, ലഫ്റ്റ് റൈറ്റ് ലഫ്റ്റിലെ ഇന്ദ്രജിത്തിന്റെ അഭിനയം കണ്ടവര്‍ക്ക് ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ അഭിനയം ഒരഭിനയമായി തോന്നില്ല. ഇന്ദ്രജിത്തിന്റെ കുഴപ്പം കൊണ്ടല്ല. അതിനുള്ള മുഹൂര്‍ത്തങ്ങള്‍ അതിലില്ലാത്തതുതന്നെ കാരണം. പക്ഷേ മുരളീഗോപി അമ്പരപ്പിച്ചുകളഞ്ഞു. ഭരത് അവാര്‍ഡുനേടിയ ഗോപിയുടെ പുത്രന് ആ കഴിവു കിട്ടിയിട്ടുണ്ടെന്ന് അദ്ദേഹം അഭിനയത്തിലൂടെ ഓര്‍മ്മിപ്പിക്കുന്നു. അതുപോലെ സുധീര്‍ കരമനയും തന്റെ വേഷം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ പാകത്തിലാക്കി തന്നിട്ടുണ്ട്. ഷൈന്‍ ടോം, പി. ബാലചന്ദ്രന്‍, സത്താര്‍, ജോയ്‌തോമസ്, ദേവി അജിത്ത് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഇതില്‍ ദേവി അജിത്തിന്റെ ഒരു ചൂടന്‍ രംഗവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

പല രംഗങ്ങളിലും സംവിധായകന്റെ നോട്ടപിശക് കാണാനുണ്ട്. ചില രംഗങ്ങളില്‍ തോക്ക് ആരുടേയും കണ്ണില്‍പ്പെടാത്തത്- അതുപോലുള്ള ചിലരംഗങ്ങള്‍ ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. അതുപോലെ തന്നെ ക്ലൈമാക്‌സ് രംഗത്ത് പ്രേക്ഷകനനുഭവപ്പെടുന്ന വിരസത ചിത്രത്തെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയം വേണ്ട.